നരബലി, ആഭിചാരം... വെളിപ്പെടുത്തലുകള്‍ ഏറെ: കക്കാട്ടുകടയിലെ വീടിന്റെ തറപൊളിക്കല്‍ ആദ്യം: സുപ്രധാന ദൗത്യവുമായി കട്ടപ്പന പൊലീസ്
നരബലി, ആഭിചാരം... വെളിപ്പെടുത്തലുകള്‍ ഏറെ: കക്കാട്ടുകടയിലെ വീടിന്റെ തറപൊളിക്കല്‍ ആദ്യം: സുപ്രധാന ദൗത്യവുമായി കട്ടപ്പന പൊലീസ്

ഇടുക്കി: വര്‍ക്ക്‌ഷോപ്പില്‍ നടന്ന മോഷണശ്രമത്തിന്റെ തുടരന്വേഷണത്തില്‍ ലഭിച്ച സുപ്രധാന വിവരങ്ങളുടെ ചുവടുപിടിച്ച് കട്ടപ്പന പൊലീസ്. ഇരട്ടക്കൊലപാതകം നടന്നതായുള്ള ചില വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുള്ള അന്വേഷണത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. നരബലി നടന്നുവെന്ന് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കേണ്ടിവരുന്ന സുപ്രധാന ദൗത്യമാണ് അന്വേഷണത്തിന് സംഘത്തിന് മുന്നിലുള്ളത്. കക്കാട്ടുകടയിലെ വാടക വീടിന്റെ തറയില്‍ കോണ്‍ക്രീറ്റ് ചെയ്തായുള്ള സൂചന ലഭിച്ചതിനാല്‍ തറ പൊളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് ആദ്യം കടക്കുക.
കട്ടപ്പന നഗരത്തിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍(27), ഇയാളുടെ സഹായി പുത്തന്‍പുരയ്ക്കല്‍ നിധീഷ്(രാജേഷ്-31) എന്നിവര്‍ പിടിയിലായത്. ഇരുവരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. നിധീഷ് ദുര്‍മന്ത്രവാദം നടത്തിയിരുന്നയാളാണെന്നും അന്വേഷണത്തിനിടെ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. വിഷ്ണുവിന്റെ അച്ഛന്‍ വിജയനെ കാണാതായിട്ട് മാസങ്ങളായിരുന്നു. ഇദ്ദേഹത്തിന്റെ നിരോധാനവുമായി ബന്ധപ്പെട്ട് ഇവരെ പരിചയമുള്ള ചിലരും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.മുമ്പ് കട്ടപ്പന സാഗര ജങ്ഷനില്‍ താമസിച്ചിരുന്ന ഇവര്‍ വീട് വിറ്റശേഷം കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് താമസം മാറി. തുടരന്വേഷണത്തിനിടെ കക്കാട്ടുകടയിലെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ വിഷ്ണുവിന്റെ അമ്മയും സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. വിജയന്റെയും നവജാത ശിശുവിന്റെയും മരണവുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയതായാണ് വിവരം. ഇരുവര്‍ക്കും പുറത്തിറങ്ങാന്‍ വിഷ്ണുവും നിധീഷും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതായാണ് സൂചന. തുടര്‍ന്ന് പൊലീസ് സംഘം അമ്മയേയും സഹോദരിയേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചശേഷം വീടിന് കാവല്‍ ഏര്‍പ്പെടുത്തി.
മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണു വീണ് പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിധീഷ് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തെങ്കില്‍ മാത്രമേ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാനാകൂ.
What's Your Reaction?






