ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി 50 ഡോക്ടര്‍മാര്‍
ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി 50 ഡോക്ടര്‍മാര്‍

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ് എന്നിവയടക്കം പുതുതായി 50 തസ്തികകള്‍ അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു പ്രൊഫസര്‍, 12 അസോസിയേറ്റ് പ്രൊഫസര്‍, 17 അസിസ്റ്റന്റ് പ്രൊഫസര്‍, 20 സീനിയര്‍ റെസിഡന്റ് തസ്തികളാണ് അനുവദിച്ചിട്ടുള്ളത്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ് വിഭാഗങ്ങളില്‍ ഉള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
ഏറെ നാളായുള്ള ആവശ്യത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയായിരുന്നു എന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജിലെ ചികിത്സാ സൗകര്യങ്ങളില്‍ വലിയ മാറ്റം കൊണ്ടുവന്ന തീരുമാനമാണിത്. പുതുതായി 100 എംബിബിഎസ് സീറ്റുകള്‍ക്കും 60 ബിഎസ്സി നഴ്സിങ് സീറ്റുകള്‍ക്കും അനുമതി ലഭ്യമായതിനു പിന്നാലെയാണ് ഇപ്പോള്‍ 50 പുതിയ ഡോക്ടര്‍ തസ്തികകളും അനുവദിച്ചത്.
മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ക്കായുള്ള പുതിയ ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. രോഗികള്‍ക്ക് പരിശോധനകള്‍ക്കായുള്ള വിവിധ ലാബുകള്‍ തുറന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹോസ്റ്റലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. കോളേജിന് പുതിയ ബസുകളും അനുവദിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ ഇന്റേണല്‍ റോഡുകള്‍ക്കായി 18.25 കോടി രൂപ അനുവദിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് റോഡ് നിര്‍മിക്കുന്നതിനായി 5 കോടി രൂപ അനുവദിച്ചു. നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
What's Your Reaction?






