ഏലയ്ക്ക ഡ്രയറുകള്‍ക്കുപകരം ഏലയ്ക്ക ഡ്രയിങ് യാര്‍ഡിന്റെ സാധ്യത പരിശോധിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്: കര്‍ഷകര്‍ക്ക് ആശങ്ക
ഏലയ്ക്ക ഡ്രയറുകള്‍ക്കുപകരം ഏലയ്ക്ക ഡ്രയിങ് യാര്‍ഡിന്റെ സാധ്യത പരിശോധിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്: കര്‍ഷകര്‍ക്ക് ആശങ്ക

ഇടുക്കി: ഏലയ്ക്ക ഡ്രയറുകള്‍ ഒഴിവാക്കി ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് ഏലം ഡ്രയിങ് യാര്‍ഡ് സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ഇത് പ്രായോഗികമല്ലെന്നും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും ഡ്രയര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ് കോടതിയെ അറിയിച്ചു. ഏലയ്ക്ക ഡ്രയറുകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതായി കാട്ടി മുണ്ടിയെരുമ സ്വദേശിയാണ് ഏഴുമാസം മുമ്പ് ട്രൈബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ 12ന് കേസ് പരിഗണിച്ച ട്രൈബ്യൂണല്‍ ഇതേക്കുറിച്ച് പഠിക്കാനും ഏലയ്ക്ക ഡ്രൈയിങ് യാര്‍ഡ് സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരവായി. പാരമ്പര്യേത ഊര്‍ജം ഉപയോഗിക്കുന്നതിന്റെ സാധ്യത പഠിക്കാനും നിര്‍ദേശമുണ്ട്.അതേസമയം നിലവിലുള്ള കാര്‍ഡമം ഡ്രയറുകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഉപയോഗിക്കുന്ന വിറക്, ചകിരി, ചിരട്ട തുടങ്ങിയവ മലിനീകരണമുണ്ടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, പാരമ്പര്യേതര ഊര്‍ജം ഡ്രയറുകളില്‍ പ്രയോഗികമല്ലെന്നും വൈദ്യുതി മുടക്കമുണ്ടാകുമ്പോള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമെന്നും അഡ്വ. ജോയ്സ് ജോര്‍ജ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസില്‍ കാര്‍ഡമം ഡ്രയര്‍ ഉടമകളും ചില പഞ്ചായത്തുകളും കക്ഷി ചേര്‍ന്നിരുന്നു.
അതേസമയം പരാതി പിന്‍വലിച്ചതായി മുണ്ടിയെരുമ സ്വദേശി സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത് തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആക്ഷേപമുണ്ട്. കേസ് ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. ജനുവരി 31നകം കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
What's Your Reaction?






