ശമ്പളവും ആനുകൂല്യവും മുടങ്ങി: നെടുംപറമ്പില്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ സമരത്തിലേക്ക്
ശമ്പളവും ആനുകൂല്യവും മുടങ്ങി: നെടുംപറമ്പില്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ സമരത്തിലേക്ക്

ഇടുക്കി: വേതനവും ആനുകൂല്യവും മുടങ്ങിയതോടെ അയ്യപ്പന്‍കോവില്‍ അയ്യരുപാറ നെടുംപറമ്പില്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തോട്ടം ഭൂമി മുറിച്ചുവില്‍ക്കുന്നതിലും പ്രതിഷേധിച്ചാണ് ഐക്യ ട്രേഡ് യൂണിയനുകളും തൊഴിലാളികളും രംഗത്തെത്തിയത്. പ്രതിദിനം 300 തൊഴിലാളികള്‍ ജോലി ചെയ്യുന്ന തോട്ടത്തില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷത്തെ ബോണസ്, രണ്ടുവര്‍ഷത്തെ മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും നല്‍കിയിട്ടില്ല. തൊഴിലാളികളുടെ പിഎഫ് തുക അടച്ചിട്ടില്ല. ജോലിയിലിക്കെ മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്കും ആനുകൂല്യം നല്‍കുന്നതില്‍ വീഴ്ച വരുത്തി. സര്‍ക്കര്‍ തൊഴിലാകള്‍ക്ക് പ്രഖ്യാപിച്ച അനുകൂല്യങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന് സിഐടിയു, ബിഎംഎസ്, എന്‍പിഡബ്യുയു, എച്ച്പിഡബ്യുയു എന്നീ ട്രേഡുകള്‍ ആരോപിക്കുന്നു.
50 വര്‍ഷത്തിലേറെ പഴക്കമുള്ള ഒറ്റമുറി ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. തോട്ടത്തിലെ ഓഫീസ് ജീവനക്കാര്‍ക്കും ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ട്രേഡ് യൂണിയനുകള്‍ പലതവണ ചര്‍ച്ച നടത്തിലെങ്കിലും മാനേജ്‌മെന്റ് തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം.
യൂണിയനുകള്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലും ലേബര്‍ ഓഫീസിലും ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിട്ടും തോട്ടമുടമ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല. ഇതിനിടെയാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കാനെന്ന വ്യാജേന തോട്ടം മുറിച്ചുവില്‍ക്കാന്‍ നീക്കം നടക്കുന്നത്. സൂചന പണിമുടക്ക് ഉള്‍പ്പെടെ നടത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് സമരത്തിനൊരുങ്ങുന്നത്. ബുധനാഴ്ച നടന്ന പ്രതിഷേധ പരിപാടിയില്‍ എന്‍പിഡബ്ലിയു ജനറല്‍ സെക്രട്ടറി വി എന്‍ മോഹനന്‍, സിഐടിയു നേതാക്കളായ കെ എസ് വിജയന്‍, കെ പി സെയ്ദ്മുഹമ്മദ്, എം ടി ബാബു, ബിഎംഎസ് നേതാക്കളായ കെ സി സിനീഷ്, എസ് ജി മഹേഷ്, ഐഎന്‍ടിയുസി ഭാരവാഹി വിന്‍സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






