ആനപ്പള്ളത്തെ ആരോഗ്യ ഉപകേന്ദ്രം നിലച്ചു: കെട്ടിടം ജീര്‍ണാവസ്ഥയില്‍
ആനപ്പള്ളത്തെ ആരോഗ്യ ഉപകേന്ദ്രം നിലച്ചു: കെട്ടിടം ജീര്‍ണാവസ്ഥയില്‍

ഇടുക്കി: ഉപ്പുതറ ആനപ്പള്ളത്തെ ആരോഗ്യവകുപ്പിന്റെ ഉപകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ജീര്‍ണാവസ്ഥയില്‍. ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ നിരവധി കുടുംബങ്ങള്‍ക്ക് സേവനം നഷ്ടമായി. ഉപ്പുതറയില്‍ നിന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. കെട്ടിടം അപകടാവസ്ഥയിലായതോടെ ഇവര്‍ എത്താതെയായി.
കെട്ടിടത്തിന്റെ പരിസരം കാടുവളര്‍ന്ന് ഇഴജന്തുക്കള്‍ താവളമാക്കി. മേല്‍ക്കൂര ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായി. ജനാലകള്‍ ഉള്‍പ്പെടെ ദ്രവിച്ചുനശിച്ചു. ചുറ്റുമതിലും ഭാഗികമായി തകര്‍ന്നു.
നിലവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ സമീപത്തെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് നടത്തുന്നത്. ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ തോട്ടം തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ നടത്തിയിരുന്ന പ്രതിമാസ മെഡിക്കല്‍ ക്യാമ്പുകള്‍ വര്‍ഷങ്ങളായി മുടങ്ങി.
മുന്‍ എംഎല്‍എ കെ.കെ. തോമസ് അനുവദിച്ച ഫണ്ട് ചെലവഴിച്ച് 40 വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മിച്ചത്. ഇതിനായി ആനപ്പള്ളം ചെരിപ്പേരില്‍ കുട്ടന്‍ സൗജന്യമായി സ്ഥലം നല്‍കിയിരുന്നു. എന്‍എച്ച്എം ഫണ്ടില്‍ നിന്ന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ സ്ഥലം സന്ദര്‍ശിച്ചിരുന്നു. 2020 മാര്‍ച്ചില്‍ പുതിയ കെട്ടിടം നിര്‍മിക്കാന്‍ പ്രദേശവാസി സ്ഥലം കൈമാറിയിരുന്നു.
ഉപ്പുതറ സിഎച്ച്‌സിയുടെ കീഴിലാണ് ആനപ്പള്ളം ഉപകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആരോഗ്യ വകുപ്പും ബ്ലോക്ക് പഞ്ചായത്തും ഇടപെട്ട് പുതിയ കെട്ടിടം നിര്‍മിച്ച് ഉപകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






