മാട്ടുക്കട്ട ഗവ. എല്‍ പി സ്‌കൂളിന്റെ സ്ഥലം കൈയേറി: നിയമനടപടിയുമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്
മാട്ടുക്കട്ട ഗവ. എല്‍ പി സ്‌കൂളിന്റെ സ്ഥലം കൈയേറി: നിയമനടപടിയുമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്

ഇടുക്കി: പ്രദേശവാസി കൈയേറിയ മാട്ടുക്കട്ട ഗവ. എല്‍ പി സ്‌കൂളിന്റെ സ്ഥലം തിരിച്ചുപിടിക്കാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് നിയമനടപടി തുടങ്ങി. ഇക്കാര്യത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി. അയ്യപ്പന്‍കോവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന 47 സെന്റ് ഉള്‍പ്പടെ 84 സെന്റ് റവന്യുഭൂമി സ്‌കൂളിന് മൈതാനം നിര്‍മിക്കാന്‍ 1993ല്‍ ദേവികുളം ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. 1995 വരെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫിസ് പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. എന്നാല്‍ സമീപവാസി ഈ സ്ഥലം കൈവശപ്പെടുത്തി ഭാര്യയുടെ പേരില്‍ രേഖകളുമുണ്ടാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ പിടിഎ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, 2012ലും 2023ലും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഭൂമിയുടെ യഥാര്‍ഥ അവകാശി ആരാണെന്നു വ്യക്തമല്ലെന്നുപറഞ്ഞ് റവന്യു അധികൃതര്‍ കൈയൊഴിഞ്ഞു.
സ്ഥലം കൈവശപ്പെടുത്തിയത് റവന്യു വകുപ്പില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥനായതിനാലാണ് അധികൃതര്‍ അനാസ്ഥ കാട്ടുന്നതെന്നാണ് ആക്ഷേപം. ആര്‍ഡിഒ ഉത്തരവിന്റെ പകര്‍പ്പ് ഇപ്പോഴും സ്‌കൂളിലുണ്ട്. ഇക്കാര്യം ബോധ്യപെട്ടതോടെ പഞ്ചായത്ത് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തു. സ്ഥലം വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രമേയവും പാസാക്കി.
സ്‌കൂളിന് അനുവദിച്ച ഭൂമി കൈവശപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. നിലവില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മൈതാനമോ കളിക്കളമോ ഇല്ല.
What's Your Reaction?






