ഏലക്ക ഡ്രയറുകള്‍ നിര്‍ത്തലാക്കണമെന്ന കേസ് തള്ളി ഹരിത ട്രൈബ്യൂണല്‍: കര്‍ഷകര്‍ക്ക് ആശ്വാസം
ഏലക്ക ഡ്രയറുകള്‍ നിര്‍ത്തലാക്കണമെന്ന കേസ് തള്ളി ഹരിത ട്രൈബ്യൂണല്‍: കര്‍ഷകര്‍ക്ക് ആശ്വാസം

ഇടുക്കി: വിറക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏലക്ക ഡ്രയറുകള്‍ നിര്‍ത്തലാക്കണമെന്ന കേസ് തള്ളി ദേശീയ ഹരിതട്രൈബ്യൂണല്‍. തികച്ചും പരിസ്ഥിതി സൗഹാര്‍ദമായ സാഹചര്യത്തിലാണ് വിറക്, ബ്രിക്കറ്റ് എന്നിവ ഉപയോഗിച്ചുള്ള സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കര്‍ഷകന്റെ ഉല്‍പ്പന്നം ഉണക്കിയെടുക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയുള്ള മെഷീനാണ് ഉപയോഗിക്കുന്നതെന്നും ട്രൈബ്യൂണല്‍ വിലയുരുത്തി. കഴിഞ്ഞ 6നാണ് വിധി വന്നത്. ഡിസ്ട്രിക്ട് കാര്‍ഡമം ഡ്രയര്‍ ഓണേഴ്സ് അസോസിയേഷന് വേണ്ടി മുന്‍ എംപി കൂടിയായ അഡ്വ. ജോയ്‌സ് ജോര്‍ജാണ് ഹാജരായത്. ഏലയ്ക്ക ഡ്രയറുകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതായി കാട്ടി മുണ്ടിയെരുമ സ്വദേശിയാണ് 9 മാസം മുമ്പ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ഏലക്ക ഉണക്കല്‍ ഗ്രീന്‍ കാറ്റഗറിയില്‍ വരുന്നതാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഏലക്ക ഉണങ്ങുന്നതിനിടെ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും പരിസ്ഥിതി വകുപ്പും അറിയിച്ചു.കേസ് നടത്തിപ്പിന് സഹകരിച്ച അംഗങ്ങള്‍ക്കും കേസ് വാദിച്ച് കര്‍ഷകര്‍ക്ക് അനുകൂല വിധി സമ്പാദിച്ച അഡ്വ. ജോയ്സ് ജോര്‍ജിനും വിധിയിലൂടെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിച്ച ദേശീയ ഹരിത ട്രൈബ്യൂണലിനും നന്ദി അറിയിക്കുന്നതായി കാര്‍ഡമം ഡ്രയര്‍ ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ദീപു കൊട്ടാരത്തില്‍, വൈസ് പ്രസിഡന്റ് മാത്യു വറങ്ങണായില്‍, സെക്രട്ടറി സന്തോഷ് വലിയപറമ്പില്‍, ജോ. സെക്രട്ടറി തോമസ് എബ്രഹാം, ബേബി വടക്കേടത്ത് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






