കൊക്കോ പരിപ്പ് വില 350 രൂപ വരെ: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില
കൊക്കോ പരിപ്പ് വില 350 രൂപ വരെ: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില

ഇടുക്കി: ഉല്‍പാദനം കുറഞ്ഞതോടെ കൊക്കോയ്ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഉണക്കപ്പരിപ്പിന് 330-350 രൂപയും പച്ചപ്പരിപ്പിന് 110-130 രൂപയുമാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വിലയിലെ വന്‍ മുന്നേറ്റം. ആദ്യകാലങ്ങളിലെ നാടന്‍ കൊക്കോ ചെടികള്‍ ഇപ്പോഴില്ല. മികച്ച വിളവ് ലഭിക്കുന്ന ഹൈബ്രീഡ് ചെടികളാണ് ഏറെയും. വിലത്തകര്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ കൊക്കോ വെട്ടിമാറ്റി ഏലം കൃഷി വ്യാപിപ്പിച്ചു. തോട്ടവിളയായും മുമ്പ് കൊക്കോ കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ ഹൈറേഞ്ചില്‍ നാമമാത്രമായി ചുരുങ്ങി. ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന വിളയായി കൊക്കോ മാറിയെങ്കിലും ഉല്‍പാദനം വന്‍തോതില്‍ ഇടിഞ്ഞു.
1980 കാലഘട്ടങ്ങളിലാണ് ഹൈറേഞ്ചില്‍ കൊക്കോ കൃഷി സജീവമാകുന്നത്. ചോക്ലേറ്റുകള്‍ക്കും മറ്റ് ബേക്കറി വിഭവങ്ങള്‍ക്കും ആവശ്യമായി വന്നതോടെ കാര്‍ഷിക വിളയായി പരിണമിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ ലോ റേഞ്ചിലേക്കാള്‍ കൂടുതല്‍ ഉല്‍പാദനം ഹൈറേഞ്ചിലാണ്. കൃഷി വ്യാപിച്ചതോടെ മികച്ച കാര്‍ഷിക വിളയായി മാറി. വന്‍കിട കര്‍ഷകര്‍ തോട്ടവിളയായി കൃഷി ചെയ്തുതുടങ്ങിയതോടെ പതിറ്റാണ്ടുകളോളം കാര്‍ഷിക മേഖലയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്ഥാനവും നേടി. 15 കൊക്കോ കായകളില്‍ നിന്ന് ഒരുകിലോ ഉണക്കപ്പരിപ്പ് ഉല്‍പാദിപ്പിക്കാനാകും. രാജ്യത്തെ കൊക്കോ ഉല്‍പാദനത്തിന്റെ 40 ശതമാനം കേരളത്തിലാണ്. ഇടുക്കിയിലാണ് കൂടുതല്‍ കൃഷി. അഴുകല്‍, മഞ്ഞളിപ്പ് രോഗങ്ങളാണ് കൊക്കോയെ ബാധിക്കുന്നത്. കൂടാതെ എലി, അണ്ണാന്‍, മരപ്പെട്ടി തുടങ്ങിയവ കായ തിന്ന് നശിപ്പിക്കുന്നു. ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടായതിനാല്‍ വില വീണ്ടും വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.
What's Your Reaction?






