കട്ടപ്പന നഗരത്തില്‍ സര്‍വത്ര മാലിന്യം
കട്ടപ്പന നഗരത്തില്‍ സര്‍വത്ര മാലിന്യം

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന നിലച്ചതോടെ മാലിന്യം തള്ളല്‍ വ്യാപകമാകുന്നു. തിരക്കേറിയ ഇടുക്കിക്കവല- പള്ളിക്കവല ബൈപാസ് റോഡരികില്‍ ബുധനാഴ്ച രാത്രി വന്‍തോതില്‍ മാലിന്യം തള്ളിയിരുന്നു. ഹൗസിങ് ബോര്‍ഡിന്റെ സ്ഥലത്താണ് ഭക്ഷണാവശിഷ്ടങ്ങളും വീട്ടുമാലിന്യവും ഉള്‍പ്പെടെ കെട്ടിക്കിടക്കുന്നത്. നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ മാലിന്യം തള്ളല്‍ തകൃതിയായി നടക്കുന്നു. കാടുപിടിച്ചുകിടക്കുന്ന ഹൗസിങ് ബോര്‍ഡിന്റെ സ്ഥലം സാമൂഹിക വിരുദ്ധരുടെ പ്രധാന കേന്ദ്രമാണ്. രാത്രികാലങ്ങളില്‍ കടകളിലെയും വീടുകളിലെയും മാലിന്യം വാഹനങ്ങളില്‍ എത്തിച്ച് ഇവിടെയാണ് തള്ളുന്നത്. കഴിഞ്ഞദിവസം വിവാഹ സല്‍ക്കാരത്തിനുശേഷം ബാക്കിവന്ന ഭക്ഷണവും മറ്റ് മാലിന്യവും ചാക്കുകളിലാക്കി പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗര്‍ ഭാഗത്ത് കട്ടപ്പനയാറില്‍ തള്ളിയിരുന്നു. കൂടാതെ, ഇടുക്കിക്കവല ലക്ഷ്മിനാരായണ ക്ഷേത്രത്തിനുസമീപമുള്ള റോഡരികിലും വീട്ടുമാലിന്യം ഉള്‍പ്പെടെ കൂടി കിടക്കുകയാണ്. പുതിയ ബസ് സ്റ്റാന്‍ഡിന്റെ വശത്തുകൂടി ഒഴുകുന്ന കട്ടപ്പനയാറിന്റെ കൈത്തോട് മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. വെട്ടിക്കുഴക്കവല- വെള്ളയാംകുടി ബൈപാസ് റോഡിന്റെ കാട് പിടിച്ച ഭാഗങ്ങള്‍ മാലിന്യം തള്ളല്‍ കേന്ദ്രമാണ്.
What's Your Reaction?






