ചിന്നക്കനാല്‍ കാട്ടാന ആക്രമണം മരിച്ച കണ്ണന്റെ സംസ്‌കാരം ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം
ചിന്നക്കനാല്‍ കാട്ടാന ആക്രമണം മരിച്ച കണ്ണന്റെ സംസ്‌കാരം ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ടാങ്ക്കുടി സ്വദേശി കണ്ണന്റെ(47) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്‌കരിക്കും. ഇദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം തുടര്‍ച്ചയായ കാട്ടാന ആക്രമണം വനാപാലകരുടെ അനാസ്ഥയെത്തുടര്‍ന്നാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നക്കനാല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചിന്നക്കനാലിലെ ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെ കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. സൂര്യനെല്ലിയില്‍ നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് മറികടന്ന് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമുണ്ടായത്. കണ്ണന്റെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്.
What's Your Reaction?






