പഠിച്ച സ്‌കൂളില്‍ അധ്യാപകനായി, പ്രഥമാധ്യാപകനായി, ഇപ്പോള്‍ പ്രിന്‍സിപ്പലും: കെ എന്‍ ശശിക്കിത് അപൂര്‍വ സൗഭാഗ്യം
പഠിച്ച സ്‌കൂളില്‍ അധ്യാപകനായി, പ്രഥമാധ്യാപകനായി, ഇപ്പോള്‍ പ്രിന്‍സിപ്പലും: കെ എന്‍ ശശിക്കിത് അപൂര്‍വ സൗഭാഗ്യം

ഇടുക്കി: പഠിച്ച സ്‌കൂളില്‍ അധ്യാപകനും പ്രഥമാധ്യാപകനും ഇപ്പോള്‍ പ്രിന്‍സിപ്പലും. പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കെ എന്‍ ശശിക്കാണ് ഈ അപൂര്‍വ സൗഭാഗ്യം കൈവന്നിരിക്കുന്നത്. 27 വര്‍ഷത്തെ അധ്യാപന ജീവിതത്തിനൊടുവിലാണ് പ്രിന്‍സിപ്പലായി ചുമതലയേറ്റിരിക്കുന്നത്. വണ്ടന്‍മേട് നെറ്റിത്തൊഴു കായാപ്ലാക്കല്‍ കെ എന്‍ ശശി 1987ലാണ് പുറ്റടി നെഹ്‌റു സ്മാരക പഞ്ചായത്ത് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചത്. തുടര്‍ന്ന് ഉപരിപഠനത്തിനുശേഷം 1997ല്‍ ഇവിടെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 2018ല്‍ പ്രഥമാധ്യാപകനായി. എസ്എസ്എല്‍സി പരീക്ഷകളില്‍ സ്‌കൂളിന് മികച്ച വിജയം നേടിക്കൊടുക്കാന്‍ പ്രധാന പങ്കുവഹിച്ചു. കൂടാതെ, കലാ-കായിക രംഗത്തുള്ള സ്‌കൂളിന്റെ മുന്നേറ്റത്തെ മുന്നില്‍നിന്നു നയിച്ചു. ഇതിനിടെയാണ് പ്രിന്‍സിപ്പല്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞദിവസം സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചുമതല ഏറ്റെടുത്തു. സ്‌കൂളിന്റെ വികസനവും പഠന നിലവാരം ഉയര്‍ത്താനും എല്ലാവിധ ശ്രമവും നടത്തുമെന്ന് കെ എന്‍ ശശി പറഞ്ഞു.
What's Your Reaction?






