കല്ല്യാണത്തണ്ടില്‍ നിന്ന് 43 കുടുംബങ്ങളെ കുടിയിറക്കുന്നതിന് റവന്യു വകുപ്പ് നീക്കം നടത്തുന്നു: ജോയി വെട്ടിക്കുഴി
കല്ല്യാണത്തണ്ടില്‍ നിന്ന് 43 കുടുംബങ്ങളെ കുടിയിറക്കുന്നതിന് റവന്യു വകുപ്പ് നീക്കം നടത്തുന്നു: ജോയി വെട്ടിക്കുഴി

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടില്‍ 43 കുടുംബങ്ങളെ കുടിയിറക്കുന്നതിനുള്ള നീക്കങ്ങള്‍ റവന്യൂ വകുപ്പ് നടത്തുന്നതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. കട്ടപ്പന വില്ലേജില്‍ ബ്ലോക്ക് 60-ല്‍ 19 സര്‍വ്വേ നമ്പരില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വക പുല്ലുമേട് എന്ന റിക്കോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കര്‍ റവന്യൂ പുറമ്പോക്കില്‍ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിടാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ ആറരപ്പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന കുടുംബങ്ങള്‍ 2012 മുതല്‍ പട്ടയത്തിന് സമര്‍പ്പിച്ചിട്ടുള്ള പട്ടയ അപേക്ഷകള്‍ പരിഗണിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുപകരം അവരെ ഇറക്കിവിടുന്നതിന് ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഈ സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന സര്‍വ്വേ നമ്പര്‍ 16,20,21 എന്നീ നമ്പറുകളില്‍പെട്ടവര്‍ക്ക് പട്ടയംനല്‍കുകയും സര്‍വേ നമ്പര്‍ 19 ല്‍ പ്പെട്ടവര്‍ക്ക് പട്ടയം നിഷേധിക്കുകയും ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. പാവപ്പെട്ടവര്‍ക്ക് പി.എം.എ പദ്ധതിയില്‍പ്പെടുത്തി വീട് നിര്‍മിക്കുന്നത്തിന് നഗരസഭ പണം അനുവദിച്ചിട്ടും കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം അവര്‍ക്ക് വീട് നഷ്ടമായി. എല്ലാ കുടുംബങ്ങള്‍ക്കും നഗരസഭയിലെ വീട്ടുനമ്പര്‍, വൈദ്യുതി കണക്ഷന്‍, ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് എന്നിവ എല്ലാം ഉള്ളവരാണ്. ഇപ്പോള്‍ ഭൂമിയില്‍ പ്രവേശിക്കരുതെന്നാണ് റവന്യൂ വകുപ്പ് പറയുന്നതെങ്കില്‍ വരുംദിവസങ്ങളില്‍ വനമായി പ്രഖ്യാപിച്ചു വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുവാന്‍ റവന്യൂ അധികാരികള്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടും. ചിന്നക്കനാലില്‍ റവന്യൂ-വനം വകുപ്പുകള്‍ സംയുക്തമായി നടത്തിയ ഗൂഢനീക്കത്തിന് തുല്യമായ നീക്കമാണ് കട്ടപ്പനയിലും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കുടുംബങ്ങളെല്ലാം വര്‍ഷങ്ങളായി കല്യാണത്തണ്ടിലെ സ്ഥിര താമസക്കാരാണെന്ന് വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാ ലിസ്റ്റില്‍ നിന്നും വ്യക്തമാണ്. സര്‍വ്വേ നമ്പര്‍ 19 ല്‍ പ്പെട്ട കുടുംബങ്ങളുടെ മേല്‍ ഉണ്ടായിട്ടുള്ള നടപടി 17,18 സര്‍വ്വേ നമ്പര്‍ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെമേലും മുണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ജനങ്ങളെ ശ്വാസം മുട്ടിച്ച് ഇറക്കി വിടാനുള്ള ഈ നീക്കങ്ങള്‍ യുഡിഎഫ് അനുവദിക്കുന്ന പ്രശ്‌നമില്ല. നിലനില്‍പ്പിനു വേണ്ടി സര്‍ക്കാരിനെതിരെ ജനങ്ങള്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും യുഡിഎഫ് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
What's Your Reaction?






