വണ്ടന്‍മേട് പഞ്ചായത്തിനെതിരെയുള്ള എല്‍ഡിഎഫ് ആരോപണം അടിസ്ഥാനരഹിതം: സുരേഷ് മാനങ്കേരില്‍
വണ്ടന്‍മേട് പഞ്ചായത്തിനെതിരെയുള്ള എല്‍ഡിഎഫ് ആരോപണം അടിസ്ഥാനരഹിതം: സുരേഷ് മാനങ്കേരില്‍

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചതുകൊണ്ട് മാത്രമാണ് വികസന പ്രവര്‍ത്തനങ്ങളില്‍ കുറവ് വന്നതെന്നും അദ്ദേഹം പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഭരണസമിതിക്ക് വീഴചയുണ്ടായെന്നും വാര്‍ഡുതലത്തിലും പൊതുവായ ഫണ്ടുകളുടെ വിനിയോഗത്തിലും പിഴവ് സംഭവിച്ചതുമൂലം പഞ്ചായത്തിന് 2 കോടിരൂപയുടെ നഷ്ടമുണ്ടായെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചിരുന്നു. 2023 - 24 സാമ്പത്തിക വര്‍ഷം 4,19,42,000 രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ തുക വെട്ടിക്കുറച്ചതായി സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നും ലഭിച്ച തുക നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാംസ സ്റ്റാളിന്റെ ലേലത്തില്‍ പഞ്ചായത്ത് കമ്മിറ്റിയിലാണ് അന്തിമ തീരുമാനമെടുക്കുന്നതെന്നും ടേക് എ ബ്രേക്ക് പദ്ധതിപ്രകാരമുള്ള പുറ്റടിയിലെ ശുചിമുറി കോംപ്ലക്‌സിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. നെറ്റിത്തൊഴു, ചേറ്റുകുഴി എന്നിവിടങ്ങളിലെ ഷോപ്പിങ് കോംപ്ലക്‌സുകളുടെ നിര്‍മാണത്തിനായി തുക അനുവദിച്ചത് യുഡിഎഫ് ഭരണ സമിതിയാണ്. പഞ്ചായത്തിനെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുരേഷ് മാനങ്കേരില്‍ പറഞ്ഞു.
What's Your Reaction?






