ഇടുക്കി: പന്നിയാര്‍, ആനയിറങ്കല്‍ റേഷന്‍ കടകളുടെ പരിധിയില്‍ വരുന്ന ആടുവിളന്താന്‍കുടി, ശങ്കരപാണ്ഡ്യമെട്ട് ആദിവാസി ഗ്രാമങ്ങളിലേയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി പന്നിയാറില്‍ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. വിശപ്പ് രഹിത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തോട്ടം മേഖലയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് അരി എത്തിക്കുന്നതിന് അടുത്ത മാസം മുതല്‍ നടപടി സ്വീകരിക്കും. കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത്. ഓണക്കാലത്ത് വില നിയന്ത്രണം നടപ്പിലാക്കുന്നതിനായി വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് അധികമായി 10 കിലോ അരി നല്‍കിയെന്നും മന്ത്രി പറഞ്ഞു. എം എം മണി എംഎല്‍എ അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസര്‍ ബൈജു കെ ബാലന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, എന്‍ ആര്‍ ജയന്‍, കെ സലിംകുമാര്‍, പി പളനിവേല്‍, പി ടി മുരുകന്‍, ഉമാ മഹേശ്വരി, കെ സി ആലീസ്, പ്രിന്‍സ് മാത്യു, ആര്‍ വരദരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.