ഇടുക്കി: ഉപ്പുതറ പരപ്പ് വികാസ് യോജന സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരപ്പ് ചാവറഗിരി സ്പെഷ്യല്‍ സ്‌കൂളില്‍ സൗജന്യ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയുടെയും സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ സാമൂഹിക ക്ഷേമവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച 9ന് ആരംഭിച്ച ക്യാമ്പില്‍ ന്യൂറോളജി, എന്‍ഡോക്രൈനോളജി, ശ്വാസകോശ രോഗ ചികിത്സ, ഓര്‍ത്തോപീഡിക് ആന്‍ഡ് ജോയിന്റ് റീപ്ലേസ്മെന്റ്, ഇഎന്‍ടി ആന്‍ഡ് ഇഎന്‍ടി സര്‍ജറി, ജനറല്‍ മെഡിസിന്‍, ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറി, ഗൈനക്കോളജി, ശിശുരോഗ ചികിത്സ, ത്വക്ക് രോഗചികിത്സാ തുടങ്ങിയ വിഭാഗങ്ങളില്‍ 17 ഓളം ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രമേഹം, രക്തഗ്രൂപ്പ്, തൈറോയിഡ്, പിഎഫ്ടി തുടങ്ങിയ പരിശോധനകളും മരുന്നുകളും സൗജന്യമായി നല്‍കി.