സ്‌പൈസസ് ബോര്‍ഡ് ഓഫീസുകളിലേക്ക് കര്‍ഷക സംഘം മാര്‍ച്ചും ധര്‍ണയും 29ന്

സ്‌പൈസസ് ബോര്‍ഡ് ഓഫീസുകളിലേക്ക് കര്‍ഷക സംഘം മാര്‍ച്ചും ധര്‍ണയും 29ന്

May 23, 2024 - 00:41
 0
സ്‌പൈസസ് ബോര്‍ഡ് ഓഫീസുകളിലേക്ക് കര്‍ഷക സംഘം മാര്‍ച്ചും ധര്‍ണയും 29ന്
This is the title of the web page

ഇടുക്കി: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജില്ലയിലെ കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘം ജില്ലാ കമ്മിറ്റി 29ന് രാവിലെ 10ന് പുറ്റടി, രാജകുമാരി എന്നിവിടങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാജകുമാരി സ്‌പൈസസ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസ് പടിക്കല്‍ അഖിലേന്ത്യ കിസാന്‍ സഭ ദേശീയ കൗണ്‍സില്‍ അംഗം എം എം മണി എംഎല്‍എയും പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ കര്‍ഷക സംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം സി.വി. വര്‍ഗീസും ഉദ്ഘാടനം ചെയ്യും.
ഇടുക്കിയെ വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കുക, കേന്ദ്രസംഘം വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക, ജില്ലയ്ക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിക്കുക, പുനര്‍കൃഷിക്കാവശ്യമായ പലിശ രഹിത വായ്പ ലഭ്യമാക്കുക, കൃഷിക്കാരുടെ വായ്പകള്‍ക്ക് 3 വര്‍ഷത്തെ പലിശ ഇളവ് അനുവദിക്കുക, ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കനത്ത ചൂടിനെ തുടര്‍ന്നുണ്ടായ വരള്‍ച്ച യില്‍ ജില്ലയില്‍ വ്യാപക കൃഷിനാശം സംഭവിച്ചിരിക്കുകയാണ്. 175.54 കോടിയുടെ കൃഷി നാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകള്‍. 30,183 കര്‍ഷകരുടെ 17481:52 ഹെക്ടറിലെ കൃഷി നശിച്ചു. ഇടുക്കി ജില്ലയുടെ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ ഏലം കൃഷിയുടെ 50 ശതമാനത്തിലേറെ കടുത്ത വരള്‍ച്ചയില്‍ പൂര്‍ണമായും നശിച്ചു. വരള്‍ച്ചയെ അതിജീവിച്ച ചെടികളില്‍ നിന്നും ഉല്‍പാദനം കുറയുകയും ചെയ്യും. ഏലം മേഖലയില്‍ 70 ശതമാനം ഉല്‍പാദനം കുറയുമെന്നാണ് കണക്ക്. പുനര്‍കൃഷി ചെയ്യുന്നതിനുള്‍പ്പടെ കര്‍ഷകര്‍ക്ക് സഹായം വേണ്ട സാഹചര്യത്തില്‍ ജില്ലയിലെ സ്‌പൈസസ് ബോര്‍ഡ് കേന്ദ്രങ്ങള്‍ നോക്കുകുത്തികളായിരിക്കുകയാണ്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും വരള്‍ച്ചാബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കര്‍ഷക സംഘടന പ്രതിനിധികളുമായും കര്‍ഷകരുമായും ജനപ്രതിനിധികളുമായും പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഈ യോഗത്തില്‍ യുഡി.എഫ് കര്‍ഷക സംഘടനകളുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കാതിരുന്നത് കര്‍ഷക വഞ്ചനയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഏലം, കുരുമുളക്, ജാതി തുടങ്ങിയ കൃഷികള്‍ക്ക് നാശമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനുകൂടി തയ്യാറായിട്ടില്ല. കോഫി ബോര്‍ഡ്, ടീ ബോര്‍ഡ് എന്നീ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡുകളും മൗനത്തിലാണ്. നാളിതുവരെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൃഷിനാശം സംബന്ധിച്ച് അന്വേഷിക്കുകയോ കര്‍ഷകര്‍ക്ക് ആവശ്യമായ എന്തെങ്കിലും സഹായങ്ങള്‍ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

കടുത്ത വേനല്‍ ഏറ്റവും രുക്ഷമായി ബാധിച്ചത് ജില്ലയിലെ ഏലം കര്‍ഷകരെയാണ്. ജില്ലയില്‍ 22311 കര്‍ഷകരുടെ 16220.6 ഹെക്ടര്‍ കൃഷി നാശമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. 113.54 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നിട്ടും ജില്ലയിലെ സ്‌പൈസസ് ബോര്‍ഡ് നിസംഗത തുടരുന്നത് കാര്‍ഷിക മേഖലയോടുള്ള അവഗണനയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow