ഇടിഞ്ഞമലയില്‍ യുവാക്കളെ കൈയേറ്റം ചെയ്ത തങ്കമണി എസ്‌ഐ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്
ഇടിഞ്ഞമലയില്‍ യുവാക്കളെ കൈയേറ്റം ചെയ്ത തങ്കമണി എസ്‌ഐ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്

ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ നിരപരാധികളായ യുവാക്കളെ കൈയേറ്റം ചെയ്ത തങ്കമണി എസ് ഐ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രാത്രിയിയില്‍ ഇടിഞ്ഞമലയിലാണ് സംഭവം.പ്രൈവറ്റ് ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ ഹരി എസ് നായര്‍ ജോലി കഴിഞ്ഞ് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തതിന് ശേഷം വീട്ടില്‍ പോകുന്നതിനായി വാഹനമിറങ്ങി സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് അതിക്രമം കാട്ടിയത്. റോഡില്‍ നിന്നും 200 മീറ്റര്‍ നടപ്പ് വഴിയാണ് ഹരിയുടെ വീട്ടിലേക്ക് ഉള്ളത്. ഇതുവഴി വന്ന തങ്കമണി പൊലീസ് സ്റ്റേഷനിലെ വാഹനം ഹരിയുടെ സമീപം നിര്‍ത്തുകയും ചീത്ത വിളിച്ച് കൊണ്ട് എസ് ഐ ഹരിയുടെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപിടിക്കുകയാണ് ഉണ്ടായത്. ഹരിയെ പിടിച്ചു തള്ളുകയും കരണത്ത് അടിച്ച് ബലമായി പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. വേറെ 3 പോലീസ് ഉദ്യോഗസ്ഥര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. ജോലി കഴിഞ്ഞു വരുന്ന വഴിയാണെന്നും വീട്ടിലേക്ക് പോകുകയാണെന്നും ഹരി പറഞ്ഞിട്ടും എസ് ഐ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. താന്‍ പി എസ് സി പരീക്ഷ എഴുതി എസ് ഐ ആയതാണന്നും നിങ്ങളേ കൈകാര്യം ചെയ്യുമെന്നും ഭീക്ഷണി മുഴക്കിയതായും ഹരി പറയുന്നു. ബഹളം കെട്ട് അയല്‍വാസികള്‍ ഓടികൂടുകയും ഒരു കാര്യവും ഇല്ലാതെ എന്തിനാണ് സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. ഈ സമയം മറ്റൊരു വാഹനത്തില്‍ ഏകദേശം 4 പൊലീസ് ഉദ്യോഗസ്ഥരും വന്നു. ഈ സംഭവവങ്ങളറിഞ്ഞ് ഇരട്ടയാര്‍ പഞ്ചായത്തംഗം റെജി ഇലുപ്പിലിക്കാട്ട് വരുകയും എസ് ഐയുടെ അടുത്ത് എന്താണ് വിഷയമെന്ന് ചോദിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്തു. പഞ്ചായത്തംഗത്തോടും എസ് ഐ വളരെ മോശമായി പെരുമാറുകയും പിടിച്ചു തള്ളുകയും ചെയ്തു. തുടര്‍ന്ന് കട്ടപ്പന ഡി വൈ എസ് പിയുമായി റെജി ഇലിപ്പുലിക്കാട്ട് സംസാരിക്കുകയും ഡി വൈ എസ് പി എസ് ഐ വിളിക്കുകയും ചെയ്തിരുന്നു. എസ് ഐ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് എസ് ഐയുടെ കൈയില്‍ ഫോണ്‍ കൊടുത്ത് സംസാരിച്ചതിന് ശേഷമാണ് പൊലീസ് പിരിഞ്ഞു പോകാന്‍ തയ്യാറായത്. ഇതിന് ശേഷം ഹരിക്കെതിരെയും ഈ സംഭവങ്ങളറിഞ്ഞു വന്ന റെജി ഇലുപ്പിലിക്കാടിന് എതിരെയും ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. എസ്.ഐക്കെതിരേ നടപടി ഉണ്ടായില്ലങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണി, കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ജോസ് തച്ചാപറമ്പില്‍, ആനന്ദ് തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
What's Your Reaction?






