സിഎച്ച്ആര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി സര്‍ക്കാര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന്റെ പ്രത്യാഘാതം: ജോയി വെട്ടിക്കുഴി
സിഎച്ച്ആര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി സര്‍ക്കാര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന്റെ പ്രത്യാഘാതം: ജോയി വെട്ടിക്കുഴി

ഇടുക്കി : സര്‍ക്കാര്‍ വ്യാജരേഖകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിന്റെ പ്രത്യാഘാതമാണ് സിഎച്ച്ആര്‍ ഭൂമിക്ക് പട്ടയം നല്‍കരുതെന്ന് കോടതി വിധിയെന്ന് യുഡിഎഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. സിഎച്ച്ആര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണച്ചുമതല വനംവകുപ്പിനും എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. 2006-2011 കാലയളവിലെ ഇടതുസര്‍ക്കാരും 2011 -2016 കാലയളവിലെ യുഡിഎഫ് സര്‍ക്കാരും സിഎച്ച്ആറിനെ റവന്യുഭൂമി എന്നാണ് വനംവകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്. 2018 സെപ്റ്റംബര്‍ 6ന് പുറത്തിറക്കിയ വനംപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2016-17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സിഎച്ച്ആര്‍ ഭൂമി വനഭൂമിയാണെന്ന് രേഖപ്പെടുത്തി ആദ്യമായി സര്‍ക്കാര്‍ രേഖ പുറത്തിറക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഹാജരാക്കി. രേഖകള്‍ കെട്ടിച്ചമച്ച് കോടതിയില്‍ ഹാജരാക്കിയ സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയുവാന്‍ തയ്യാറാകണം. യഥാര്‍ഥ വസ്തുതകള്‍ കോടതിയെ ബോധിപ്പിച്ച് സിഎച്ച്ആര്‍ ഭൂമി റവന്യു ഭൂമിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
What's Your Reaction?






