ഇടുക്കി: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. കട്ടപ്പന അമ്പലക്കവല പുളിയനാപ്പള്ളില്‍ ജിനോ കുര്യന്റെ കാറാണ് സാമൂഹിക വിരുദ്ധര്‍ തകരാറിലാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ സ്റ്റാന്‍ഡിലെ പാര്‍ക്കിങ് മൈതാനത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ജിനോ കൊല്ലത്തേയ്ക്ക് പോയി. രാത്രി തിരികെ എത്തിയപ്പോഴാണ് നാല് ടയറുകളുടെയും കാറ്റ് അഴിച്ചുവിട്ടതായി കണ്ടത്. സ്ഥലത്തെ വ്യാപാരികളോട് വിവരം തിരക്കിയെങ്കിലും അവര്‍ക്കും അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. സ്റ്റാന്‍ഡിലെ കടകളുടെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.