കുരുവിളാസിറ്റി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം
കുരുവിളാസിറ്റി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ കുരുവിളസിറ്റി കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യവുമായി നാട്ടുകാര്‍. ഹൈറേഞ്ച് മേഖലയിലെ തന്നെ ആദ്യ ഗവ. ആശുപത്രിയാണിത്. 1977-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിയില്‍ ദിവസം 400 -ല്‍ പരം രോഗികള്‍ ഇവിടെ ചികിത്സതേടിയെത്തുന്നുണ്ട്. ചിന്നക്കനാല്‍, ശാന്തന്‍പാറ, സേനാപതി ,രാജാക്കാട്, രാജകുമാരി, ഉടുമ്പന്‍ചോല ബൈസണ്‍വാലി, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഏറെ പ്രയോജനകരമായ ആശുപത്രിയാണ് ഇത്. 50 പേരെ കിടത്തി ചികിത്സിയ്ക്കാന്‍ സൗകര്യമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാകാത്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ കാരണം. മൂന്ന് സ്ഥിരം ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഒരുഡോക്ടര്‍ മാത്രമാണുള്ളത്. ഒരു എന്‍.എച്ച്.എം ഡോക്ടറും താത്കാലികമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് പോരെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ട് ഏക്കറോളം സ്ഥലം ആശുപത്രിക്ക് സ്വന്തമായി ഉണ്ട്. കെട്ടിടങ്ങള്‍ നവീകരിച്ച് ആവിശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ നിയമനവും പൂര്‍ത്തികരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
What's Your Reaction?






