മൂന്നാറിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി: സ്ഥലം ഏറ്റെടുക്കാതെ ആരോഗ്യവകുപ്പ്: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി
മൂന്നാറിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി: സ്ഥലം ഏറ്റെടുക്കാതെ ആരോഗ്യവകുപ്പ്: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

ഇടുക്കി: മൂന്നാറില്‍ അനുവദിച്ച മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കൈമാറാനുള്ള കാലാവധി അവസാനിക്കാനിരിക്കെ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. പദ്ധതി നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് ഭാരവാഹികളാണ് കോടതിയെ സമീപിച്ചത്.
ദേവികുളം സിഎച്ച്‌സിക്ക് സമീപമുള്ള 5 ഏക്കര്‍ റവന്യു ഭൂമിയാണ് പദ്ധതിക്കായി അനുവദിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത് കെട്ടിട നിര്‍മാണമാരംഭിക്കണമെന്നും അല്ലാത്തപക്ഷം കൈമാറ്റ നടപടി റദ്ദാക്കുമെന്നുമായിരുന്നു 2024 ഏപ്രിലിലെ കരാറിലുണ്ടായിരുന്നത്. എന്നാല്‍ കരാര്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഭൂമി ഏറ്റെടുക്കാന്‍ ആരോഗ്യവകുപ്പ് യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെ ആശുപത്രി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കിഫ്ബിയിലൂടെ 78.25 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിക്ക് ഗവര്‍ണറുടെ അനുമതിയും ലഭിച്ചിരുന്നു. തോട്ടം, ആദിവാസി മേഖലകളുള്‍പ്പെടുന്ന മൂന്നാറില്‍ പതിറ്റാണ്ടുകളായി മെച്ചപ്പെട്ട ചികിത്സാസൗകര്യമില്ല. നിലവില്‍ കോട്ടയം, കൊച്ചി, തേനി എന്നിവിടങ്ങളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.
What's Your Reaction?






