ഇടുക്കി: ജില്ലയിലെ ചൈല്‍ഡ് ഹോമുകളില്‍ താമസിക്കുന്ന കൊച്ചുകുട്ടികള്‍ക്കായി ജില്ലാഭരണകൂടം നടപ്പാക്കുന്ന ചിന്ന ചിന്ന ആശൈ പദ്ധതിയില്‍ പങ്കാളികളായി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇവര്‍ സമാഹരിച്ച സാധനങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ കലക്ടര്‍ വി വിഗ്‌നേശ്വരിക്ക് കൈമാറി. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കിമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതി ശ്രദ്ധയില്‍പെട്ട കോ ഓര്‍ഡിനേറ്ററും അധ്യാപികയുമായ ലിന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും യോഗം ചേര്‍ന്നു. തുടര്‍ന്ന് പി.ടി.എയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് സ്ഥാപനങ്ങളിലായുള്ള 22 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കി.
ഫുട്‌ബോള്‍, വോളിബോള്‍, സ്‌കൂള്‍ കിറ്റ്, ഷട്ടില്‍ ബാറ്റുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കൈമാറി. പ്രിന്‍സിപ്പല്‍ കെ എല്‍ സുരേഷ്‌കൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ എസ്. മുനിസ്വാമി, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.