ഇടുക്കി: കേന്ദ്ര വന സംരക്ഷണ നിയമഭേദഗതി ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. നിയമഭേദഗതിയുടെ ആനുകൂല്യം സിഎച്ച്ആര്‍ കേസിലും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ വനസംരക്ഷണ നിയമ ഭേദഗതി പാസാക്കിയത്. പുതിയ നിയമ പ്രകാരം 1996ന് മുമ്പ് ഭൂമി കൈവശത്തിലുള്ള കര്‍ഷകര്‍ക്ക് പട്ടയത്തിന് അര്‍ഹതയുണ്ടാകും. ഇടുക്കിയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കും. എന്നാല്‍ വനസംരക്ഷണ നിയമ ഭേദഗതിയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
സിഎച്ച്ആര്‍ കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല വിധി അനുസരിച്ച് ഇടുക്കിയില്‍ പട്ടയ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. അന്തിമ വിധി കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്. കേന്ദ്രവന സംരക്ഷണ നിയമഭേദഗതി സിഎച്ച്ആര്‍ കേസില്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.