സീ പ്ലെയിന്‍ പദ്ധതിയെ പ്രതിസന്ധിയിലാക്കി വനം വകുപ്പ്
സീ പ്ലെയിന്‍ പദ്ധതിയെ പ്രതിസന്ധിയിലാക്കി വനം വകുപ്പ്

ഇടുക്കി: മാട്ടുപ്പെട്ടിയില്‍ സീ പ്ലെയിന്‍ ഇറങ്ങുന്നത് കാട്ടാനകളുടെ സൈ്വര്യവിഹാരത്തിന് തടസം സൃഷ്ടിക്കുമെന്ന് ചൂണ്ടികാട്ടി മൂന്നാര്‍ ഡിഎഫ്ഒ ജില്ലാ കലക്ടര്‍ക് കത്ത് നല്‍കി. സീ പ്ലെയിന്‍ പദ്ധതിയുടെ ട്രയല്‍ റണ്ണിന് മുമ്പാണ് ആശങ്കകള്‍ സൂചിപ്പിച്ച് കത്ത് അയച്ചത്. ആനമുടി ചോല, പാമ്പാടുംചോല, ഉദ്യാനങ്ങളോടും കുറിഞ്ഞിമല സാങ്ക്ച്വറിയോടും ചേര്‍ന്ന് കിടക്കുന്ന മാട്ടുപ്പെട്ടി ജലാശയം അതീവ പരിസ്ഥിതി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ആനമുടി ചോലയില്‍ നിന്നും മൂന്നര കിലോമിറ്റര്‍ മാത്രമാണ് മാട്ടുപ്പെട്ടിയിലേക്കുള്ള ആകാശദൂരം. ജലാശയത്തില്‍ പതിവായി കാട്ടാനകള്‍ ഇറങ്ങാറുണ്ടെന്നും സംരക്ഷിത വനമേഖലയിലേയ്ക് ആനകള്‍ സഞ്ചരിയ്ക്കുന്നത് ജലാശയത്തിലൂടെയാണെന്നും കത്തില്‍ പറുന്നു. സീ പ്ലെയിന്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മനുഷ്യ വന്യമൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെടല്‍ വേണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. വെളുപ്പിനെയും, വൈകുന്നേരങ്ങളിലും പതിവായി ആനകള്‍ ഇവിടെ എത്താറുണ്ട്. സമീപത്തെ ഇന്‍ഡോ സ്വിസ് പ്രോജെക്ടിന്റെ ഭാഗമായ പുല്‍മെടുകള്‍ ആനകളുടെ വിഹാര കേന്ദ്രമാണ്. ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പദ്ധതി, വനം വകുപ്പിന്റെ ഇടപെടല്‍ മൂലം തുടക്കത്തിലേ തടസപ്പെടുമോയെന്ന ആശങ്കയാണ് നിലവിലുള്ളത്.
What's Your Reaction?






