രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 4നും 5നും കട്ടപ്പനയിൽ

രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 4നും 5നും കട്ടപ്പനയിൽ

Nov 23, 2024 - 22:49
Nov 24, 2024 - 00:41
 0
രാജ്യാന്തര ചലച്ചിത്രമേള  ഡിസംബർ 4നും 5നും കട്ടപ്പനയിൽ
This is the title of the web page

ഇടുക്കി: ആറാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 4, 5 തീയതികളില്‍ കട്ടപ്പനയില്‍ നടക്കും. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണല്‍, എംജി സര്‍വകലാശാല എന്‍എസ്എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി. കട്ടപ്പന സന്തോഷ് തിയറ്റര്‍, മിനി സ്റ്റേഡിയം, ഓസാനം ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രദര്‍ശനം. 20 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രമേയമായുള്ള 70 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യം. 4ന് രാവിലെ 10ന് മിനി സ്റ്റേഡിയത്തില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രോഫ. ഡോ. അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനാകും. നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍, സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്, നടന്‍മാരായ ടിനി ടോം, കൈലാഷ് എന്നിവര്‍ പങ്കെടുക്കും. ഫെസ്റ്റിവെല്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകന്‍ ജയരാജ് നായര്‍ സന്ദേശം നല്‍കും. രാജ്യാന്തര മത്സരവിഭാഗത്തില്‍ നിന്നുള്ള മൈറ്റി ആഫ്രിന്‍ ഇന്‍ ദി ടൈം ഓഫ് ഫ്‌ളഡ്‌സ്(Mighty Afrin in the Time of floods) എന്ന ഡോക്യുമെന്ററി ചിത്രം സന്തോഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച് ആറാമത് മേള ആരംഭിക്കും.
ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട്ട്ഫിലിം എന്നീ വിഭാഗങ്ങളിലായി 20 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദാണ് ജൂറി ചെയര്‍മാന്‍. ചലച്ചിത്ര പ്രവര്‍ത്തകരായ ഖാലിദ് അലി(യു.കെ), ബിജയ ജെന, ഫാബ്ലോ ബൗലോ(ചൈന) എന്നിവര്‍ ജൂറി അംഗങ്ങളാണ്. മികച്ച ചിത്രത്തിന് സില്‍വര്‍ എലിഫന്റ് പുരസ്‌കാരം സമ്മാനിക്കും. ഹ്രസ്വചിത്രം, ഡോക്യുമെന്ററി വിഭാഗങ്ങളില്‍ മറ്റ് പുരസ്‌കാരങ്ങളും നല്‍കും. മുരളി തുമ്മാരുകുടിയും സംഘവും അവതരിപ്പിക്കുന്ന പ്രത്യേക പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും സെമിനാറുകളും നടക്കും. കൂടാതെ ചിത്ര പ്രദര്‍ശനം, ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍, ഗ്രാമീണ കലാ പ്രദര്‍ശനങ്ങള്‍ എന്നിവയും നടക്കും.
5ന് വൈകിട്ട് സമാപന സമ്മേളനത്തില്‍ മന്ത്രി വി എന്‍ വാസവന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകരായ ജയരാജ്, പ്രദീപ് എം നായര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി, അഖില്‍ വിശ്വനാഥന്‍, സന്തോഷ് ദേവസ്യ, വിജി ജോസഫ്, ജോസ് മാത്യു, സജിദാസ് മോഹന്‍, സജി കോട്ടയം, പി എം ജെയിംസ്, ജോസ് ഫ്രാന്‍സിസ്, എസ് സുര്യലാല്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow