പാതിവില തട്ടിപ്പ് കേസ് : അനന്തു കൃഷ്ണനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി
പാതിവില തട്ടിപ്പ് കേസ് : അനന്തു കൃഷ്ണനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി

ഇടുക്കി: പാതിവില തട്ടിപ്പ് കേസ് മുഖ്യപ്രതി അനന്തു കൃഷ്ണനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. അനന്തുവിനെ രണ്ട് ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കട്ടപ്പന,തങ്കമണി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോദ്യം ചെയ്യുന്നതിന് മുന്നോടിയാണ് കോടതിയില്‍ ഹാജരാക്കിയത്. കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ മൂന്നും തങ്കമണി പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് അനന്തു കൃഷ്ണന് എതിരെയുള്ളത്. അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയതായതാണ് കണക്ക്. പാതിവിലയ്ക്ക് സ്‌കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തും അനന്തുകൃഷ്ണനും സംഘവും നടത്തിയ തട്ടിപ്പില്‍ ജില്ലയില്‍ സ്റ്റേഷനുകളില്‍ നൂറുകണക്കിനാളുകളാണ് പരാതി നല്‍കിയത്. കട്ടപ്പന സ്റ്റേഷനില്‍ ലഭിച്ചതില്‍ വ്യക്തിഗത പരാതികളും മാസ് പെറ്റീഷനുകളും ഉള്‍പ്പെടുന്നു. രണ്ടാംഘട്ടത്തില്‍ ജില്ലയില്‍നിന്ന് 36 കോടിയിലേറെ രൂപയാണ് ബ്ലോക്ക് തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴി പിരിച്ചെടുത്തത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്ററും സെക്രട്ടറിയുമായ തൊടുപുഴ കുടയത്തൂര്‍ ചൂരക്കുളങ്ങര അനന്തു കൃഷ്ണന്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലാണ് പണം നിക്ഷേപിച്ചതെന്നാണ് സീഡ് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നത്. സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍, തയ്യല്‍ മെഷീന്‍, കാര്‍ഷികോപകരണങ്ങള്‍, ലാപ്‌ടോപ്, സ്‌കൂള്‍ കിറ്റ്, ഭക്ഷ്യക്കിറ്റ്, ജൈവവളം, കോഴിക്കൂട്, ബയോബിന്‍, ഫലവൃക്ഷതൈകള്‍, വാട്ടര്‍ പ്യൂരിഫയര്‍, വാട്ടര്‍ ടാങ്ക് എന്നിവയും തയ്യല്‍ പരിശീലനവും വാഗ്ദാനം ചെയ്താണ് ആളുകളില്‍നിന്ന് പണം വാങ്ങിയത്. അനന്തു കൃഷ്ണനും കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറും ചേര്‍ന്നാണ് ഉപകരണ വിതരണം, മറ്റ് പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചത്.
What's Your Reaction?






