കട്ടപ്പന നഗരസഭാ ഓഫീസ് ചോര്‍ന്നൊലിക്കുന്നു
കട്ടപ്പന നഗരസഭാ ഓഫീസ് ചോര്‍ന്നൊലിക്കുന്നു

ഇടുക്കി: വേനല്‍മഴയില്‍ കട്ടപ്പന നഗരസഭാ ഓഫീസ് ചോര്‍ന്നൊലിക്കുന്നു. പ്രധാന വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന നിലയിലെ സീലിങ് പലസ്ഥലങ്ങളിലായി ഇളകിമാറിയ നിലയിലാണ്. തറയോടുകള്‍ ഇളകിയതോടെ മുന്‍വശത്തെ പാര്‍ക്കിങ് കേന്ദ്രവും ചെളിക്കുണ്ടായി മാറിക്കഴിഞ്ഞു. കെട്ടിടത്തിന്റെ ഉള്‍വശത്തും പലസ്ഥലങ്ങളിലായി ചോര്‍ച്ചയും വിള്ളലുകളുമുണ്ട്. ചെറിയ മഴ പെയ്താല്‍ പോലും പ്രധാനനിലയിലെ സീലിങ്ങിനിടയിലൂടെ വരാന്തയിലേക്ക് വെള്ളം വീഴും. വരാന്തയിലെ വെള്ളക്കെട്ടില്‍ നിരവധിപേര്‍ തെന്നീവീണ സംഭവവും ഉണ്ടായിട്ടുണ്ട്. ഓഫീസ് അറ്റകുറ്റപ്പണി നടത്തണമെന്ന് പലതവണ ആവശ്യമുയര്‍ന്നിട്ടും നടപടിയില്ല. കെട്ടിടത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സിസി ടി വി ക്യാമറക്കുള്ളില്‍ നിന്ന് പോലും വെള്ളം ഒലിച്ചിറങ്ങുന്നു. ക്യാമറകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമാണ്.
ഓഫീസ് പരിസരം ചെളിക്കുണ്ടായി മാറിയതോടെ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. അഞ്ച്‌ലക്ഷം രൂപ മുതല്‍മുടക്കില്‍ തറയോടുകള്‍ മാറ്റിസ്ഥാപിച്ചെങ്കിലും രണ്ടുമാസത്തിനകം പഴയപടിയായി.
What's Your Reaction?






