'ഇടുക്കിയുടെ സ്വന്തം മുനിയറ' പുസ്തക പ്രകാശനം നടത്തി
'ഇടുക്കിയുടെ സ്വന്തം മുനിയറ' പുസ്തക പ്രകാശനം നടത്തി

ഇടുക്കി : മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനുമായ ആന്റണി മുനിയറയെ കുറിച്ച് എഴുതിയ ഇടുക്കിയുടെ സ്വന്തം മുനിയറ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആത്മഗതം എന്ന പേരില്‍ മുനിയറയുടെ അനുഭവങ്ങളും നാല് മുനിയറക്കവിതകളും അദ്ദേഹത്തെക്കുറിച്ചുള്ള 32-ലേറെ പ്രമുഖരുടെ ഓര്‍മകളും അനുഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി മുനിയറ ഗവ. ഹൈസ്‌കൂളില്‍ ആകാശവാണി മുന്‍ പ്രോഗ്രാം വിഭാഗം മേധാവിയും കഥാകൃത്തുമായ ഡോ. എം രാജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ വി വി കുമാര്‍, അജയപുരം ജ്യോതിഷ് കുമാര്‍ എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍. കൊല്ലം നെപ്ട്യൂണ്‍ ബുക്‌സാണ് പുസ്തകത്തിന്റെ വിതരണം. ആകാശവാണി-ദൂരദര്‍ശന്‍ ജില്ലാ പ്രതിനിധി, ആകാശവാണി പ്രോഗ്രാം അവതാരകന്‍, മാതൃഭൂമി പ്രാദേശിക ലേഖകന്‍, മീഡിയാനെറ്റ് ന്യൂസ് എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ആന്റണി മുനിയറ 2010 ല്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും മികച്ച ആകാശവാണി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗോത്രമനുഷ്യരുടെ ജീവിതസ്പന്ദനങ്ങള്‍ ഒപ്പിയെടുത്ത് തയ്യാറാക്കിയ ഇടമലക്കുടിക്ക് കാലിടറുന്നു എന്ന പരമ്പരക്ക് ഡോ. ബി ആര്‍ അംബേദ്കര്‍ മാധ്യമപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് അധ്യക്ഷയായി. സി എസ് റെജികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക - സാംസ്‌കാരിക - മാധ്യമ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.
What's Your Reaction?






