കല്യാണത്തണ്ട്: കുടിയിറക്കല്‍ യുഡിഎഫിന്റെ വ്യാജപ്രചാരണം: എല്‍ഡിഎഫ്

കല്യാണത്തണ്ട്: കുടിയിറക്കല്‍ യുഡിഎഫിന്റെ വ്യാജപ്രചാരണം: എല്‍ഡിഎഫ്

Aug 26, 2024 - 23:18
Aug 26, 2024 - 23:26
 0
കല്യാണത്തണ്ട്: കുടിയിറക്കല്‍ യുഡിഎഫിന്റെ വ്യാജപ്രചാരണം: എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടില്‍ റവന്യുഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതിന്റെ മറവില്‍ ഇവിടുത്തെ താമസക്കാരെ കുടിയിറക്കാന്‍ ശ്രമിക്കുന്നതായി യുഡിഎഫ് വ്യാജപ്രചാരണം നടത്തുകയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കല്യാണത്തണ്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ള കൈയേറ്റം മറച്ചുപിടിക്കാന്‍ അനാവശ്യ പ്രചാരണം നടത്തി ജനങ്ങളെ പരിഭ്രാന്തിയിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ കുടുംബം ഉള്‍പ്പെടെ രണ്ടുപേര്‍ നടത്തിയ കൈയേറ്റം പരാതിയുടെ അടിസ്ഥാനത്തില്‍ കേരള ഭൂസംരക്ഷണ നിയമപ്രകാരം കൃത്യമായ അന്വേഷണം നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഒഴിപ്പിച്ചിട്ടുള്ളത്. വിചാരണ വേളയില്‍ വസ്തുവിന്റെ അവകാശം തെളിയിക്കുന്ന യാതൊരു രേഖകളും ഭൂമി കൈവശപ്പെടുത്തിയയാള്‍ ഹാജരാക്കിയിരുന്നില്ല. ഒഴിപ്പിച്ച ഭൂമിയില്‍ ഓഗസ്റ്റ് 18ന് ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാനാണ് കുടിയൊഴിപ്പിക്കല്‍ നടക്കുമെന്ന വ്യാജപ്രചാരണം നടത്തി ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. കട്ടപ്പന വില്ലേജിലെ 60-ാം നമ്പര്‍ ബ്ലോക്കില്‍പ്പെട്ട കല്യാണത്തണ്ടില്‍ പതിറ്റാണ്ടുകളായി കുടിയേറി താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇവര്‍ക്കെതിരെയുള്ള ഒരുനീക്കത്തെയും എല്‍ഡിഎഫ് പിന്തുണയ്ക്കില്ല. വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ 28ന് തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി കെ രാജന്റെ ചേംബറില്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കും. ഭൂവിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്ന് ഉറപ്പുനല്‍കാനാണ് മന്ത്രി തന്നെ നേരിട്ടെത്തിയത്. നാട്ടുകാരുമായി സംസാരിച്ചശേഷം റവന്യു മന്ത്രിയെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ചു. കൂടാതെ എല്‍ഡിഎഫ് നയവിശദീകരണ യോഗം 28ന് വൈകിട്ട് അഞ്ചിന് കല്യാണത്തണ്ടില്‍ നടക്കും. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. കല്യാണത്തണ്ടിലെ ഭൂവിഷയങ്ങള്‍ പരിശോധിക്കാന്‍ ജനകീയ കമ്മിറ്റി രൂപീകരിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയങ്ങള്‍ നല്‍കിയിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. ഏറ്റൊവുമൊടുവില്‍ ഭൂനിയമഭേദഗതി ബില്‍ യാഥാര്‍ഥ്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ. പിണറായി സര്‍ക്കാര്‍ വന്നശേഷം ജില്ലയില്‍ ഇതുവരെ 42,000 ഉപാധിരഹിത പട്ടയങ്ങളാണ് നല്‍കിയത്. കട്ടപ്പന നഗരം ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പില്‍ പട്ടയം ലഭിക്കുക എന്നത് പതിറ്റാണ്ടുകളായി ഇവിടുത്തെ ജനങ്ങളുടെ സ്വപ്നമാണ്. പട്ടയ മിഷന്റെ ഭാഗമായി കട്ടപ്പന ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടെ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി സര്‍വേ നടപടികള്‍ ഉള്‍പ്പെടെ മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തീകരിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ പതിനായിരത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യും. ഇപ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള കുടിയൊഴിപ്പിക്കല്‍ എന്ന പ്രചാരണം അവരുടെ നേതാക്കളുടെ കൈയേറ്റം സംരക്ഷിക്കാനുള്ള വെറും പുകമറ മാത്രമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ വി ആര്‍ സജി, വി ആര്‍ ശശി, അഡ്വ. മനോജ് എം തോമസ്, ടോമി ജോര്‍ജ്, എം സി ബിജു, ലിജോബി ബേബി, ഷാജി കൂത്തോടിയില്‍, രാജന്‍കുട്ടി മുതുകുളം, ലൂയിസ് വേഴമ്പത്തോട്ടം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow