കാപ്പിക്കുരു വില 'ഉയരെ'
കാപ്പിക്കുരു വില 'ഉയരെ'

ഇടുക്കി: ഉല്‍പാദനക്കുറവിനിടയിലും കാപ്പിക്കുരു വില കുതിക്കുന്നു. വിപണിയില്‍ റെക്കോര്‍ഡ് വിലയിലെത്തി. റോബസ്റ്റ പരിപ്പിന് കിലോ 385 രൂപയാണ്. തൊണ്ടോടുകൂടിയതിന് 240 രൂപയും. രണ്ടുവര്‍ഷം മുമ്പ് 200ല്‍ താഴെ മാത്രമായിരുന്നു പരിപ്പിന് വില. അതേസമയം ഏലംകൃഷി വ്യാപനത്തോടെ ജില്ലയില്‍ കാപ്പിക്കൃഷി നാമമാത്രമായി ചുരുങ്ങി. ഉല്‍പാദനക്കുറവാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് കാരണം.
അറബിക്ക, റോബസ്റ്റാ ഇനത്തില്‍പ്പെട്ട കാപ്പിയാണ് ജില്ലയില്‍ കൂടുതലായി കൃഷി ചെയ്യുന്നത്. അറബിക്ക ഇനത്തില്‍പ്പെട്ട കുരുവിനാണ് വില കൂടുതല്‍. ഉല്‍പാദനത്തിലെ ഇടിവും കയറ്റുമതി വര്‍ധിച്ചതും വില കൂടാന്‍ കാരണമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉല്‍പാദനത്തില്‍ 50 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏലംകൃഷി വ്യാപനത്തോടെ ഒരുപതിറ്റാണ്ട് മുമ്പേ കര്‍ഷകര്‍ കാപ്പി വ്യാപകമായി വെട്ടിമാറ്റിയിരുന്നു. കാപ്പിത്തോട്ടങ്ങളും ജില്ലയില്‍നിന്ന് അപ്രത്യക്ഷമായി. കൂടാതെ, രോഗബാധയും മഹാപ്രളയത്തിനുശേഷമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും ഉല്‍പാദനം കുത്തനെ കുറച്ചു. കമ്പോളങ്ങളില്‍ കാപ്പിക്കുരുവിന്റെ വരവ് കുറഞ്ഞത് മില്ലുടമകള്‍ക്കും തിരിച്ചടിയായി. ഇതോടെ വന്‍ തുക നല്‍കി വ്യാപാരികളില്‍ നിന്ന് കാപ്പിക്കുരു വാങ്ങേണ്ട സ്ഥിതിയിലാണ് മില്ലുടമകള്‍. കൂടാതെ അണ്ണാന്‍, മരപ്പട്ടി, കിളികള്‍ എന്നിവ കാപ്പിക്കുരു തിന്ന് നശിപ്പിക്കുന്നതും ഇവറ്റകളുടെ ശല്യം പ്രതിരോധിക്കാന്‍ മാര്‍ഗമില്ലാത്തതും കര്‍ഷകരുടെ പ്രതീക്ഷ തകര്‍ക്കുന്നു.
What's Your Reaction?






