ഇടുക്കി: പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭയില്‍ യോഗം ചേര്‍ന്നു. നഗരത്തിലെ ജൈവമാലിന്യ നീക്കത്തിനായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ചെയര്‍പേഴ്‌സണ്‍ ചേമ്പറില്‍ സംഘടനയുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി സ്വകാര്യ ഏജന്‍സിക്ക് അനുമതി നല്‍കിയതോടെ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. വിഷയത്തില്‍ പിഎഫ്എ നഗരസഭക്ക് നിവേദനം നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഇതോടെയാണ് സംസ്ഥാന ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. നഗരസഭ ചെയര്‍പേഴ്‌സണുമായി നടന്ന യോഗത്തില്‍ അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞതായും പിഎഫ്എ ഒരു ഏജന്‍സിയായി അംഗീകരിച്ച് പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് തീറ്റ ലഭ്യത ഉറപ്പാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കിയതായും പിഎഫ്എ സംസ്ഥാന പ്രസിഡന്റ് പി എം ജോഷി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വിശാല്‍ ജോര്‍ജ്, സെക്രട്ടറി മാര്‍ട്ടിന്‍ ഞാളൂര്‍, പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.