ഇടുക്കി: സ്ഥലത്തിന്റെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെയും വൃദ്ധമാതാവിനെയും അയല്‍വാസികള്‍ വെട്ടിപ്പരില്‍ക്കേല്‍പ്പിച്ചു. ഇടിഞ്ഞമല താന്നിവേലിയില്‍ ടോമി തോമസ്, അമ്മ ത്രേസ്യാമ്മ(88) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇവരുടെ അയല്‍വാസികളായ ഇടിഞ്ഞമല തേക്കാനത്ത് രാജേഷ് കുമാര്‍, ഇയാളുടെ അമ്മ രത്‌നമ്മ എന്നിവരെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവര്‍ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവീട്ടുകാരും തമ്മില്‍ സ്ഥലത്തിന്റെ അതിര്‍ത്തിയെച്ചൊല്ലി മുമ്പ് വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് തങ്കമണി പൊലീസ് കേസെടുത്തിട്ടുള്ളതാണ്. ശനിയാഴ്ച വൈകിട്ട് വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ടോമിയും രാജേഷും കൈയാങ്കളിയുണ്ടായി. ഇതിനിടെ രത്‌നമ്മ വെട്ടുകത്തി ഉപയോഗിച്ച് ടോമിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിവന്ന ത്രേസ്യാമ്മയ്ക്കും വെട്ടേറ്റു. അറസ്റ്റിലായ രാജേഷിനെയും രത്‌നമ്മയേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.