ഇടുക്കി: പൊങ്കല്‍ ആഘോഷത്തിന് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒരുങ്ങി. തോട്ടം മേഖലയായ വണ്ടിപ്പെരിയാറില്‍ പൊങ്കല്‍ വിപണി സജീവമായി. ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത കരിമ്പാണ് വിപണിയില്‍ പ്രധാന ഇനം. തമിഴ്‌നാട്ടില്‍നിന്ന് എത്തിക്കുന്ന കരിമ്പ് 50 രൂപ മുതലാണ് വില്‍ക്കുന്നത്.
ജില്ലയില്‍ തമിഴ് വംശജര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലാണ് പൊങ്കല്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. 14ന് തുടങ്ങുന്ന ആഘോഷം മൂന്നുദിവസം നീണ്ടുനില്‍ക്കുന്നു. തമിഴ് മാസമായ മാര്‍കഴിയുടെ അവസാനദിവസത്തോടെ പൊങ്കല്‍ ആഘോഷം തുടങ്ങും. തൈമാസം മൂന്നിന് സമാപിക്കും.