കൃഷിയിടത്തില്‍ തീപിടിച്ച് വന്‍ നാശനഷ്ടം: 200 വാഴയും 50 ഏലച്ചെടികളും കത്തിനശിച്ചു
കൃഷിയിടത്തില്‍ തീപിടിച്ച് വന്‍ നാശനഷ്ടം: 200 വാഴയും 50 ഏലച്ചെടികളും കത്തിനശിച്ചു

ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞമല തമ്പാന്‍സിറ്റിക്കു സമീപം കൃഷിയിടത്തിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. പുള്ളോലില്‍ സണ്ണിയുടെ ഒരേക്കര്‍ പുരയിടത്തിലെ 200 വാഴയും 50ലേറെ ഏലച്ചെടികളും മറ്റ് ഇടവിളകളും മോട്ടോറും പൈപ്പുകളും ഉള്‍പ്പെടെ കത്തിനശിച്ചു. ഞായര്‍ പകലാണ് സംഭവം. അയല്‍വാസി കത്തിച്ച മാലിന്യത്തില്‍ നിന്ന് സണ്ണിയുടെ പുരയിടത്തിലേക്ക് തീപടരുകയായിരുന്നു. വീടിന്റെ സമീപത്തേയ്ക്ക് തീ കത്തിപ്പടര്‍ന്നെങ്കിലും സണ്ണിയുടെ ഭാര്യയും അച്ഛനും ചേര്‍ന്ന് കെടുത്തി. വിവരമറിഞ്ഞ് സണ്ണി സ്ഥലത്തെത്തി മറ്റ് ഭാഗങ്ങളിലെ തീകെടുത്തിയതിനാല്‍ അയല്‍വാസികളുടെ കൃഷിയിടത്തിലേക്ക് പടര്‍ന്നുപിടിക്കാതെ തടയാന്‍ കഴിഞ്ഞു. കൃഷിയിടത്തിലെ ചെറിയ കുളത്തില്‍ നിന്ന് വീട്ടിലേക്ക് കുടിവെള്ളം പമ്പ് ചെയ്യാന്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്. കൂടാതെ മറ്റ് അയല്‍വാസികള്‍ ഇതേ കുളത്തില്‍ നിന്ന് കുടിവെള്ളം ശേഖരിച്ചിരുന്ന ഹോസുകളും നശിച്ചു. രണ്ടര ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി. സണ്ണി തങ്കമണി പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






