ഇടുക്കി: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും വീടിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ജില്ലയിലെ നിരവധി ആളുകള്‍ക്കും പുതിയ ഉത്തരവ് ഗുണം ചെയ്യും. 2018ലെ നിയമപ്രകാരം നിലം ഇനത്തില്‍പെട്ട 4.04 ആര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 1291.67 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനും പരമാവധി 2.02 ആര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 430.56 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വാണിജ്യ കെട്ടിടത്തിന്റെ നിര്‍മാണത്തിനും ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ ഒഴിവാക്കല്‍ ഒരിക്കല്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളുവെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇളവ് ലഭിക്കുന്ന ഭൂമിക്ക് റവന്യു രേഖകളില്‍ തരം മാറ്റം, സ്വഭാവവ്യതിയാനം വരുത്തേണ്ടതുണ്ടെങ്കില്‍ അപേക്ഷകര്‍ ചട്ടപകാരമുള്ള ഫീസ് അടയ്ക്കണം. റവന്യു ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള അപേക്ഷകള്‍ അനുവദിക്കാത്തതിനാല്‍ 2018ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിയതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇതുമൂലം ലൈഫ് ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും ഫെബ്രുവരി 28-ന് മുന്‍പായി തീര്‍പ്പാക്കണമെന്നും ഇതിനായി ഫെബ്രുവരി 27,28 തീയതികളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.