വെള്ളിലാംകണ്ടം കുഴല്‍പാലത്തിന്റെ നവീകരണത്തില്‍ മാറ്റം
വെള്ളിലാംകണ്ടം കുഴല്‍പാലത്തിന്റെ നവീകരണത്തില്‍ മാറ്റം

ഇടുക്കി : കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിര്‍മാണത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴല്‍പാലത്തിന്റെ നവീകരണത്തില്‍ മാറ്റം. മൂന്നരകോടി രൂപ മുടക്കി പാലത്തിന് ഇരുവശവും ഇരിപ്പടങ്ങള്‍ ഉള്‍പ്പടെ നിര്‍മിച്ച് നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കിഫ്ബിയുടെ അനുമതി കിട്ടാത്തതിനാല്‍ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂര്‍ത്തിയാക്കുവാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. ഇതിനെതിരെ കാഞ്ചിയാര്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.ഏഷ്യയിലെ ഏറ്റവും വലിയ മണ്‍പാലങ്ങളില്‍ ഒന്നാണ് കാഞ്ചിയാര്‍-അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം കുഴല്‍പാലം. മൂന്നരകോടി രൂപ ഉപയോഗിച്ച് നവീകരണം നടത്തുവാന്‍ തീരുമാനിച്ചപ്പോള്‍ മേഖലയിലെ ടൂറിസം സാധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശത്തും പൂന്തോട്ടങ്ങളോട് കൂടിയുള്ള ഇരിപ്പടങ്ങള്‍ ഉള്‍പ്പടെയാണ് വിഭാവനം ചെയ്തിരുന്നത്. ഈ പദ്ധതിയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. മണ്ണൊലിപ്പ് ഉണ്ടാകുകയും പലതവണ ടാറിങ്ങിനരികില്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ ടാറിങ് ഉള്‍പ്പടെ 18.5 മീറ്ററായി വീതി കൂട്ടുവാനാണ് തീരുമാനിച്ചത്.റോഡിനൊപ്പം കല്‍ക്കെട്ട് ഉയര്‍ത്തി ബലപ്പെടുത്തുവാനും നിശ്ചയിച്ചിരുന്നു.
എന്നാല്‍ കിഫ്ബി അനുമതി നല്‍കാത്തതിനാല്‍ ഇടുക്കി പദ്ധതി ക്യാച്ച്‌മെന്റ് ഏരിയയുടെ പരമാവധി ജലനിരപ്പിനൊപ്പം മാത്രമാണ് കല്‍ക്കെട്ട് നിര്‍മിക്കുന്നത്. ബാക്കി ഭാഗം മണ്ണ് ഉപയോഗിച്ച് ബലപ്പെടുത്തുവാനാണ് നീക്കം.18.5 മീറ്റര്‍ വീതി എന്നുള്ളത് 12.5 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്. ഈ രീതിയില്‍ നിര്‍മാണം തുടര്‍ന്നാല്‍ ശക്തമായ മഴയില്‍ മണ്ണൊലിപ്പ് ഉണ്ടാകുവാന്‍ സാധ്യത കൂടുതലാണ്. കാഞ്ചിയാര്‍,അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകള്‍ സംയുക്തമായി പാലം നവീകരണവും സൗന്ദര്യവല്‍ക്കരണവും ലക്ഷ്യ മിട്ട് സര്‍ക്കാരിനെ സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നരക്കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നത്. അതെ സമയം പദ്ധതിയില്‍ മാറ്റം വരുത്തിയ വിവരം ഇരുപഞ്ചായത്തുകളെയും അധികൃതര്‍ അറിയിച്ചിട്ടില്ല. ടൂറിസം സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് ഇരുപഞ്ചായത്ത് ഭരണസമിതികളും അറിയിച്ചു.
What's Your Reaction?






