മുല്ലപ്പെരിയാര്‍: മന്ത്രി റോഷി അഗസ്റ്റിനെ ആശങ്ക അറിയിച്ച് സമരസമിതി
മുല്ലപ്പെരിയാര്‍: മന്ത്രി റോഷി അഗസ്റ്റിനെ ആശങ്ക അറിയിച്ച് സമരസമിതി

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമരസമിതി അംഗങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനെ ആശങ്ക അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നും തീരദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ആശങ്ക അറിയിച്ചത്. ജനങ്ങളുടെ ആശങ്ക പരിഗണിച്ചുകൊണ്ട് മാത്രമേ സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി സമരസമിതിക്ക് ഉറപ്പുനല്‍കി. വിഷയത്തില്‍ പരിജ്ഞാനം ഉള്ളവരെ മാത്രമേ ചുമതലപ്പെടുത്തുകയുള്ളുവെന്നും വിദഗ്ധരെ ഉള്‍പ്പെടുത്തി അണക്കെട്ടില്‍ പരിശോധന നടത്തണമെന്ന കാര്യം കോടതിയെയും മേല്‍നോട്ട സമിതിയേയും ധരിപ്പിക്കുമെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തി പ്രശ്‌നപരിഹാരത്തിന് തടസമാകരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ സംരക്ഷിക്കുവാന്‍ വിദഗ്ധരായ അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടും. സമരസമിതി മുമ്പോട്ടുവച്ച ആശയങ്ങളും അഭിപ്രായങ്ങളും ചേര്‍ത്താണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും നിലപാടുകളെ സര്‍ക്കാര്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കട്ടപ്പന ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി ഫാ. ജോയ് നിരപ്പേല്‍, ചെയര്‍മാന്‍ ഷാജി പി ജോസഫ്, ജനറല്‍ കണ്‍വീനര്‍ സിബി ജോസഫ്, വൈസ് ചെയര്‍മാന്‍ സി എസ് രാജേന്ദ്രന്‍, പിഡി ജോസഫ്, ജോസഫ് പനന്താനം, തോമസ് വാലുമേല്‍ തുടങ്ങിയവരും പങ്കെടുത്തു.
What's Your Reaction?






