വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയില്‍ പൊരിഞ്ഞ അടി: പ്രസിഡന്റ് ഉള്‍പ്പെടെ 4 പേര്‍ ചികിത്സയില്‍: ആരോപണ- പ്രത്യാരോപണവുമായി ഇടത് വലത് മുന്നണികള്‍
വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിയില്‍ പൊരിഞ്ഞ അടി: പ്രസിഡന്റ് ഉള്‍പ്പെടെ 4 പേര്‍ ചികിത്സയില്‍: ആരോപണ- പ്രത്യാരോപണവുമായി ഇടത് വലത് മുന്നണികള്‍
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിക്കിടെ എല്‍ഡിഎഫ്- യുഡിഎഫ് അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 4 പേരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് ആന്‍സി തോമസ്, വൈസ് പ്രസിഡന്റ് സെലിന്‍ വിന്‍സണ്‍, എല്‍ഡിഎഫ് അംഗങ്ങളായ സിജി ചാക്കോ, പ്രഭാ തങ്കച്ചന്‍ എന്നിവരാണ് ചികിത്സയിലുള്ളത്. യോഗത്തിനിടെ പ്രസിഡന്റ് ആന്‍സി തോമസിന്റെ സാരി വലിച്ചുകീറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫിലെ സിജി ചാക്കോയുടെ കവിളിന് അടിയേറ്റതോടെ പല്ലിന് ഇളക്കംതട്ടിയിട്ടുണ്ട്. പ്രഭാ തങ്കച്ചന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പ്ലാസ്റ്റര്‍ ഇട്ടു. ഇതിനിടെ ആരോപണ പ്രത്യാരോപണവുമായി ഇരുമുന്നണികളും രംഗത്തെത്തി.
ഏതാനും ദിവസങ്ങളായി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്‌പോര് നിലനിന്നിരുന്നു. ശനിയാഴ്ച നടന്ന കമ്മിറ്റിക്കിടെ സിജി ചാക്കോ ''കള്ളി കള്ളി പെരുങ്കള്ളി'' എന്ന് ഉച്ചത്തില്‍ വിളിച്ചതോടെ വാക്കേറ്റം രൂക്ഷമായി. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തള്ളുംതള്ളും കൈയാങ്കളിയില്‍ കലാശിച്ചു. ഇതിനിടെയാണ് പ്രസിഡന്റിന്റെ സാരി വലിച്ചഴിച്ചതായി ആരോപണമുയര്‍ന്നത്. തന്റെ കവിളത്ത് സിജി ചാക്കോ അടിച്ചതായും ആന്‍സി തോമസ് ആരോപിച്ചു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ കനത്ത പൊലീസ് കാവലിലാണ് ഇടുക്കി മെഡിക്കല്‍ കോളേജും പരിസരവും. ഇരുവിഭാഗത്തിലെയും നേതാക്കളും പ്രവര്‍ത്തകരും പരിസരത്ത് തമ്പടിച്ചിട്ടുണ്ട്. പഞ്ചായത്തംഗങ്ങളെ പ്രവേശിപ്പിച്ചുള്ള വാര്‍ഡുകളിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?