ഇടുക്കി: ഇടുക്കിയില്‍ 2 വാഹനാപകടങ്ങളിലായി 4 മരണം. പന്നിയാര്‍കുട്ടിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ 3 പേരും കട്ടപ്പനയില്‍ കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവും മരിച്ചു. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ഓടെ വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. നിയന്ത്രണംവിട്ട് ഇടിച്ച കാറിനുള്ളിലൂടെ ക്രാഷ് ബാരിയറിന്റെ ഒരുഭാഗം തുളഞ്ഞുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിന്‍ സംഭവസ്ഥലത്ത് മരിച്ചു. ഓടിക്കൂടിയ നാട്ടുകാരും കട്ടപ്പന പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കാറിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. റോബിന്റെ സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 5ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
പന്നിയാര്‍കുട്ടിയില്‍ ജീപ്പ് മറിഞ്ഞ് ഇടയോടിയില്‍ ബോസ്, ഭാര്യ റീന, വണ്ടി ഓടിച്ചിരുന്ന തട്ടാമ്പള്ളിയില്‍ എബ്രഹാം(അവറാച്ചന്‍) എന്നിവരാണ് മരിച്ചത്. മരിച്ച റീന ഒളിമ്പ്യന്‍ കെ എം ബീനാമോളുടെ സഹോദരിയാണ്. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.