മുരിക്കാട്ടുകുടി സ്‌കൂളില്‍ വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മുരിക്കാട്ടുകുടി സ്‌കൂളില്‍ വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയും കാഞ്ചിയാര്‍ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഹെറേഞ്ചിലെ കുടിയേറ്റ ജനങ്ങള്‍ക്കായി നടത്തപ്പെടുന്ന ഇത്തരത്തിലെ ആരോഗ്യ ക്യാമ്പുകള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. വരുമാനം കുറവുള്ള കുടുംബങ്ങളിലെ 40 നും 60 വയസിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. സ്ത്രീകളിലെ യൂട്രസ്, സെര്‍വിക്കല്‍ ,ഒവേറിയന്‍ കാന്‍സറുകള്‍, അനിയന്ത്രിയ രക്തസ്രാവം എന്നീ രോഗങ്ങള്‍ നിര്‍ണയിക്കാനുള്ള പരിശോധനയും നടന്നു. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. രോഗം സ്ഥിരീകരിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലേക്ഷോര്‍ ആശുപത്രിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പദ്ധതിയിലൂടെ സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും. ബിപിഎല്‍ കാര്‍ഡില്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കും. ലേക്ഷോര്‍ ആശുപത്രിയുടെ 'അമ്മയ്ക്കൊരു കരുതല്‍' പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്. സംസ്ഥാനത്തുടനീളം 5000 വനിതകളെ പരിശോധനയ്ക്ക് വിധേയരാക്കുകയും 500പേര്‍ക്ക് അടിയന്തര ശസ്ത്രക്രിയ ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ലേക്ഷോര്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ എസ് . കെ അബ്ദുള്ള അധ്യക്ഷനായി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് മുനിസ്വാമി, മെഡിക്കല്‍ ഓഫീസര്‍ ഡോ .ഐശ്വര്യ ,പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ ,സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം കോ ഓര്‍ഡിനേറ്റര്‍ ലിന്‍സി ജോര്‍ജ് ,ഡോ. കാര്‍ത്തി എ പി, അസോസിയേറ്റ് കണ്‍സല്‍ട്ടന്റ്, അനു എസ് കടയത്ത്, പിടിഎ പ്രസിഡന്റ് പ്രിന്‍സ്മോന്‍ മറ്റപ്പള്ളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






