ഇടുക്കി: കളഞ്ഞുകിട്ടിയ അരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്‍കിയ 5 വയസുകാരന്റെ സത്യസന്ധതയ്ക്ക് അഭിനന്ദന പ്രവാഹം. ഈട്ടിത്തോപ്പ് പൊങ്ങന്‍പാറയില്‍ സല്‍ജി- ദിവ്യ ദമ്പതികളുടെ മകന്‍ ആരവ് സല്‍ജിക്കാണ് കൈയടി. കഴിഞ്ഞദിവസം അമ്മ വിദ്യയ്‌ക്കൊപ്പം ഇരട്ടയാറിലെ തയ്യല്‍കടയിലേക്കുള്ള യാത്രാമധ്യേയാണ് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തുനിന്ന് ലോക്കറ്റ് കിട്ടിയത്. ഉടന്‍തന്നെ ദിവ്യയെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാറിനെ വിവരമറിയിച്ചു. ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കുവച്ചതോടെ ഉടമയെ തിരിച്ചറിഞ്ഞു. അധ്യാപകനായ ഉദയഗിരി പ്ലാക്കപറമ്പില്‍ സജി ആന്റണിയുടെ ആഭരണമാണെന്ന് കണ്ടെത്തി. തിങ്കളാഴ്ച ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസിലെത്തിയ ഉടമയ്ക്ക് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആരവ് ലോക്കറ്റ് കൈമാറി. പച്ചടി എസ്എന്‍ എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്.