ഇടുക്കി: സര്‍വ മേഖലകളിലും വളര്‍ച്ചനേടിയ കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത. പാര്‍ട്ടി ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മോദി സര്‍ക്കാര്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കുകയാണ്. കേരളത്തിന് അര്‍ഹമായ വിഹിതമാണ് നിഷേധിക്കുന്നത്. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കുന്നു. രാജ്യത്ത് ബിജെപിയുടെ പ്രധാന ശത്രു കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയ സിപിഐ എമ്മാണ്. എക്കാലവും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും വന്‍കിടക്കാരുടെ കൈകളിലാണ്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ സാധാരണക്കാരെ പാടെ അവഗണിക്കുന്നു. കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കോ തൊഴിലാളികള്‍ക്കോ ക്ഷേമപദ്ധതികള്‍ ഒന്നുമില്ല. കേരളത്തിന്റെ പേര് പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും നേരില്‍ക്കണ്ട് നിവേദനം നല്‍കിയിട്ടും കേരളത്തെ പൂര്‍ണമായി അവഗണിച്ചു. കേന്ദ്രം സാമ്പത്തിക പ്രതിരോധം തീര്‍ക്കുമ്പോഴും കേരളം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. പശ്ചാത്തലം, ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി സര്‍വ മേഖലകളിലും വളര്‍ച്ച കൈവരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായിക സൗഹൃദ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ മേഖലകളില്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കേരളത്തിലെ ആരോഗ്യരംഗം ലോകോത്തര ശ്രദ്ധ നേടി. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനരോഷം ശക്തമാണെന്നും സി എസ് സുജാത പറഞ്ഞു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അധ്യക്ഷനായി. എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ എസ് മോഹനന്‍, പി എസ് രാജന്‍, കെ വി ശശി, ആര്‍ തിലകന്‍, എം ജെ മാത്യു, ഷൈലജ സുരേന്ദ്രന്‍, റോമിയോ സെബാസ്റ്റ്യന്‍, കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു.