കട്ടപ്പന മാര്‍ക്കറ്റില്‍ നഗരസഭയുടെ വാഹനം തടഞ്ഞിട്ട് വ്യാപാരികള്‍: റോഡിലേക്കിറക്കിയുള്ള കച്ചവടത്തിനെതിരെ നടപടിയെന്ന് നഗരസഭ
കട്ടപ്പന മാര്‍ക്കറ്റില്‍ നഗരസഭയുടെ വാഹനം തടഞ്ഞിട്ട് വ്യാപാരികള്‍: റോഡിലേക്കിറക്കിയുള്ള കച്ചവടത്തിനെതിരെ നടപടിയെന്ന് നഗരസഭ

ഇടുക്കി: കട്ടപ്പന പച്ചക്കറി മാര്‍ക്കറ്റിലെ കടകള്‍ക്കുമുമ്പില്‍ വച്ചിരുന്ന സാധനസാമഗ്രികള്‍ അധികൃതര്‍ എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നഗരസഭയുടെ വാഹനം തടഞ്ഞിട്ടു. കടയ്ക്ക് പുറത്ത് വഴിയോരത്ത് വച്ചിരുന്ന സാധനങ്ങളാണ് ചൊവ്വാഴ്ച രാവിലെ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. ഇതിനെതിരെയാണ് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടായതോടെ പൊലീസും സ്ഥിതിഗതികള്‍ ശാന്തമാക്കി.
രാവിലെ 11ഓടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കച്ചവടത്തിനായി കടകള്‍ക്ക് മുമ്പിലും റോഡിലേക്കിറക്കിയും വച്ചിരുന്ന സാധനങ്ങള്‍ ഇവര്‍ പിടിച്ചെടുത്ത് നഗരസഭയുടെ ലോറിയിലേക്ക് മാറ്റി. സാധനങ്ങളുമായി പുറപ്പെടാനൊരുങ്ങിയ വാഹനം വ്യാപാരികള്‍ തടയുകയായിരുന്നു. ഇതോടെ മാര്‍ക്കറ്റിനുള്ളിലെ ഗതാഗതവും നിലച്ചു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി അജി കെ തോമസ് എത്തി വ്യാപാരികളും വ്യാപാര സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി. പിടിച്ചെടുത്ത വസ്തുക്കള്‍ വ്യാപാരികള്‍ക്ക് തിരിച്ചുനല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് വാഹനം പോകാന്‍ അനുവദിച്ചു.
വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് അനധികൃതമായി കച്ചവടം ചെയ്യുന്നതായുള്ള പരാതിയെ തുടര്‍ന്ന് നടപടിയെടുത്തതെന്നും വീണ്ടും ഗതാഗതം തടസപ്പെടുത്തുംവിധം അനധികൃത വ്യാപാരം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി അജി കെ തോമസ് പറഞ്ഞു.
അതേസമയം ചില രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് പൊതുമാര്‍ക്കറ്റ് നശിപ്പിക്കുന്നതിനുള്ള നീക്കമാണ് നഗരസഭ നടത്തുന്നതെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു. ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിച്ച് വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നതെന്ന് മാര്‍ക്കറ്റിലെ വ്യാപാരി മനു ജോസഫ് പറഞ്ഞു.
What's Your Reaction?






