റോഡിന് സ്ഥലം വിട്ടുനല്‍കിയതോടെ വീട് അപകടാവസ്ഥയില്‍: പരാതിയുമായി വീട്ടമ്മ
റോഡിന് സ്ഥലം വിട്ടുനല്‍കിയതോടെ വീട് അപകടാവസ്ഥയില്‍: പരാതിയുമായി വീട്ടമ്മ

ഇടുക്കി: പൈനാവ്-പേപ്പാറ-അശോകക്കവല റോഡിന് സ്ഥലം വിട്ടുനല്‍കിയതോടെ വീട് അപകടാവസ്ഥയിലായെന്ന പരാതിയുമായി വീട്ടമ്മ രംഗത്ത്. നെല്ലാനിക്കല്‍ ചിന്നമ്മയാണ് പരാതി നല്‍കിയത്. പ്രളയ പുനരധിവാസ പദ്ധതിലുള്‍പ്പെടുത്തി 22 കിലോമീറ്റര്‍ ദൂരം ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കാന്‍ 122 കോടി രൂപയാണ് അനുവദിച്ചത്. കെഎസ്ടിപിക്കായിരുന്നു നിര്‍മാണ ചുമതല. അവികിസിത മേഖലയായ പേപ്പാറയില്‍ ഉന്നത നിലവാരത്തിലുള്ള റോഡ് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ചിന്നമ്മ സ്വന്തം പേരിലുള്ള പട്ടയഭൂമി വിട്ടുനല്‍കിയത്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മിച്ചതാണ് പ്രതിസന്ധിക്ക് കാരണം. സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പ് പാലിക്കാന്‍ കരാറുകാരന്‍ തയാറായില്ല. മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഈ കുടുംബം. സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ചതോട നിര്‍മാണം പൂര്‍ണമാക്കിയില്ല. ഇതോടെ 100 മീറ്റര്‍ ദൂരത്ത് മാത്രം റോഡ് പണിയാതെ ഉപേക്ഷിച്ചു. നാട്ടുകാര്‍ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചല്ലെന്നും പരാതിയുണ്ട്. മഴ ശക്തമാവുന്നതോടെ വീടിന് മുകളിലേക്ക് മണ്ണിടിയാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആറ് അംഗങ്ങളാണ് ഈ വീട്ടിലുള്ളത്. 2018ലെ പ്രളയത്തില്‍ വലിയ മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും ഉണ്ടായ പ്രദേശത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. ചിന്നമ്മയ്ക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം ഒരുക്കിക്കൊണ്ട് അടിയന്തരമായി റോഡിന്റെ ബാക്കിയുള്ള ഭാഗം പൂര്‍ത്തീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






