കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം നിര്‍മാണം വൈകുന്നു: ജനകീയ സമരം 8ന്
കാഞ്ചിയാര്‍ കുഴിയോടിപ്പടി പാലം നിര്‍മാണം വൈകുന്നു: ജനകീയ സമരം 8ന്

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ കല്യാണത്തണ്ട് കുഴിയോടിപ്പടി പാലത്തിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ 8ന് വൈകിട്ട് 4ന് കക്കാട്ടുകടയില്‍ പ്രകടനവും ധര്‍ണയും നടത്തും. പാലം നിര്‍മാണം മുടങ്ങി കിടക്കുന്നത് പ്രദേശത്തെ നൂറിലേറെ കുടുംബങ്ങളെയാണ് ദുരിതത്തിലായിരിക്കുന്നത്. രണ്ടര വര്‍ഷം മുമ്പാണ് ഇവിടെ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം പൊളിച്ചുനീക്കിയത്. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ട് മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ പാലം നിര്‍മിക്കാനായി അനുവദിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പാലം പൊളിച്ചശേഷം സഞ്ചരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ താല്‍ക്കാലിക നടപ്പാലം സ്ഥാപിച്ചു. ഇത് കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വര്‍ഷങ്ങളായി മേഖലയിലെ ആളുകള്‍ യാത്ര മാര്‍ഗത്തിനായി തടിപ്പാലം നിര്‍മിക്കുമെങ്കിലും അവ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകും. ഇതോടെ മേഖലയിലെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലാകുന്നത്. നടപ്പാലവും തകര്‍ന്നതോടെ ഈ മേഖലയിലുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മുമ്പ് പാലം നിര്‍മാണത്തിനായി
മണ്ണ് പരിശോധന നടത്തിയപ്പോള്‍ നിശ്ചിത താഴ്ചയില്‍ പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നു. അതോടെ പഞ്ചായത്തംഗം ഷാജി വേലംപറമ്പില്‍ 13 ലക്ഷം രൂപ കൂടി ലഭ്യമാക്കി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കിയതോടെയാണ് പാലം പൊളിച്ചത്. അടിത്തട്ടിലെ പണികള്‍ക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ജോലികള്‍ ആരംഭിച്ചപ്പോഴാണ് മുമ്പ് പാറയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നതിനേക്കാള്‍ അഞ്ചരയടികൂടി താഴെയാണ് പാറയെന്ന് വ്യക്തമായത്. അതോടെ 74 ലക്ഷം രൂപയായി എസ്റ്റിമേറ്റ് പുതുക്കി. അവശേഷിക്കുന്ന തുക ജില്ലാ പഞ്ചായത്തില്‍ നിന്ന് വകയിരുത്തിയെങ്കിലും പണികള്‍ ആരംഭിക്കുന്നതിനു മുമ്പ് ഡിസൈനില്‍ വീണ്ടും മാറ്റം വേണമെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. ഡിസൈന്‍ വീണ്ടും മാറ്റിയതോടെ എസ്റ്റിമേറ്റ് തുക ഒരുകോടിയായി ഉയര്‍ന്നു. 35 ലക്ഷം രൂപ ഉപയോഗിച്ച് ഇരുവശങ്ങളിലും അടിത്തറയും തൂണുകളുടെ കുറച്ചുഭാഗവും നിര്‍മിച്ചെങ്കിലും അവശേഷിക്കുന്ന പണികള്‍ക്ക് ഫണ്ടില്ലാത്ത സ്ഥിതിയില്‍ ജോലികള്‍ മുടങ്ങുകയായിരുന്നു.
What's Your Reaction?






