കട്ടപ്പന വള്ളക്കടവിലെ തണല്‍മരം അപകടാവസ്ഥയില്‍
കട്ടപ്പന വള്ളക്കടവിലെ തണല്‍മരം അപകടാവസ്ഥയില്‍

ഇടുക്കി: കട്ടപ്പന വള്ളക്കടവ് ജങ്ഷനിലെ തണല്‍മരം അപകടാവസ്ഥയില്‍. മരത്തിന്റെ ചുവട് ദ്രവിച്ചതോടെ ഏതുസമയവും ഒടിഞ്ഞുവീഴുമെന്ന് നാട്ടുകാര്‍ പറയുന്നു. മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാതയോരത്ത് നില്‍ക്കുന്ന മരത്തിന് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മുമ്പ് അപകടാവസ്ഥയുണ്ടായപ്പോള്‍ ശിഖരങ്ങള്‍ മുറിച്ചുനീക്കിയിരുന്നു. എന്നാല്‍, മരത്തിന്റെ ചുവട് ദ്രവിച്ചതിനാല്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. തുടര്‍ന്നാണ് നൂറിലേറെ പ്രദേശവാസികളും വ്യാപാരികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഒപ്പിട്ട നിവേദനം നഗരസഭയ്ക്ക് നല്‍കിയത്. എന്നാല്‍ ദേശീയപാത അതോറിറ്റിയാണ് നടപടി സ്വീകരിക്കേണ്ടതെന്ന വാദമുയര്‍ത്തി നഗരസഭ ഒഴിഞ്ഞുമാറുകയാണെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി സി ആര്‍ മുരളി പറയുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും യാത്രക്കാരും മരത്തിനുസമീപമാണ് ബസ് കാത്തുനില്‍ക്കുന്നത്. കൂടാതെ, ഓട്ടോറിക്ഷ സ്റ്റാന്‍ഡും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ദേശീയപാതയിലെ പ്രധാന ജങ്ഷന്‍ കൂടിയാണിവിടം. 66 കെ വി ലൈനും സമീപത്തുകൂടി കടന്നുപോകുന്നു. മരം കടപുഴകിവീണാല്‍ വലിയ ദുരന്തത്തില്‍ കലാശിക്കും. മുറിച്ചുനീക്കാമെന്ന് നാട്ടുകാര്‍ സന്നദ്ധത അറിയിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ നാട്ടുകാര്‍ മരം മുറിച്ചുനീക്കി അപകടാവസ്ഥ ഒഴിവാക്കുമെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?






