കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ധര്‍ണ 29ന് കട്ടപ്പനയില്‍
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ധര്‍ണ 29ന് കട്ടപ്പനയില്‍

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ 29ന് കട്ടപ്പനയില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ചിരകാല ആവശ്യത്തെ തുടര്‍ന്ന് നിയമിക്കപ്പെട്ട ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ട് ഒരുവര്‍ഷം പിന്നിടുന്നു. മലയോര മേഖലയിലെ ജനങ്ങളുടെ ഉള്‍പ്പെടെയുള്ള അടിസ്ഥാന അവകാശ സംരക്ഷണത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വന്യമൃഗ ഭീഷണി നിമിത്തം മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൃഷിക്കും മനുഷ്യനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ആവശ്യം സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കൃഷിനാശമുണ്ടാകുന്ന കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
കേരളത്തിലെ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേത്യത്വത്തില്‍ തിരുമേനിമാരും വൈദികരും അത്മായരും ഉള്‍പ്പെടുന്ന ക്രൈസ്തവ അവകാശ സംരക്ഷണ നീതിയാത്ര തിരുവല്ല മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ധര്‍ണ നടത്തുന്നത്.
ജില്ലയിലെ കെ.സി.സി. അംഗ സഭകളായ സി.എസ്.ഐ, മര്‍ത്തോമ്മ, യാക്കോബായ, ഓര്‍ത്തഡോക്സ്, ബിലീവേഴ്സ് മുതലായ ക്രൈസ്തവ സഭകളിലെ വൈദികരും കെ.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് തോമസ്, സോഷ്യല്‍ കണ്‍സേണ്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ റവ. അലക്സ് പി. ഉമ്മന്‍, ക്ലെര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ റവ. നോബിള്‍ എ.ആര്‍. തുടങ്ങിയവര്‍ പങ്കെടുക്കും.സമാപന സമ്മേളനത്തില്‍ യാക്കോബായ സുറിയാനി സഭ അങ്കമാലി ഹൈറേഞ്ച് മേഖല മെത്രാന്‍ ഏലിയാസ് മോര്‍ അത്തനാസിയോസ് സന്ദേശം നല്‍കും.
റവ. വര്‍ഗ്ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഡോ. ബിനോയി പി. ജേക്കബ് പേരേപ്പറമ്പില്‍, റവ. മനോജ് ചാക്കോ, റവ. റിറ്റോ റെജി, ഐ. ദാനിയേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?






