വഴിത്തര്‍ക്കം: തോക്കുമായി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി
വഴിത്തര്‍ക്കം: തോക്കുമായി വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

ഇടുക്കി: വഴിതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി തോക്കുമായി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി മള്ളിയില്‍ മുരളിയാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ശബ്ദം കേട്ട് വീടിനു പുറത്ത് വന്ന അച്ഛന്‍ ശേഖരപിള്ളയെയും സഹോദരി രജനിയെയും അയല്‍വാസി ആക്രമിക്കുകയും വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ ഇയാള്‍, കൈയില്‍ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അടിക്കുകയും, പുറത്തിറങ്ങി വെടി ഉതിര്‍ക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇവരുടെ കുടുംബവും അയല്‍വാസിയുമായി വഴി തര്‍ക്കം നിലവിലുണ്ട്. വസ്തുവിന്റെ രണ്ട് ഭാഗത്ത് കൂടി നടപ്പുവഴി വിട്ടു നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനം കടന്നുപോകുന്ന വഴി വേണമെന്നാവശ്യപ്പെട്ടാണ് തര്‍ക്കം. ഇരു കൂട്ടരും തമ്മില്‍ നിലവിലുള്ള വഴി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നും ഇരു കൂട്ടരുടെയും പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും തോക്ക് ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും കമ്പംമെട്ട് പൊലീസ് വ്യക്തമാക്കി. ഇരു കൂട്ടരും നെടുങ്കണ്ടത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
What's Your Reaction?






