പദ്ധതികളില്‍ വ്യാപക അഴിമതി: ചിന്നക്കനാല്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍
പദ്ധതികളില്‍ വ്യാപക അഴിമതി: ചിന്നക്കനാല്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ചിന്നക്കനാല്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്ത് സെക്രട്ടറിയുടെ അധികച്ചുമതല വഹിച്ചിരുന്ന ബാനേഷ് ഖാനെയാണ് വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. എംആര്‍പിയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയതായി ബില്‍ ഉണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. പഞ്ചായത്തിലെ വിവിധ പദ്ധതികളില്‍ അഴിമതി നടക്കുന്നതായി ചൂണ്ടിക്കാട്ടി പ്രസിഡന്റ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഗംബൂട്ടും ഫസ്റ്റ് എയ്ഡ് ബോക്‌സും അനുബന്ധ സാധനങ്ങളും വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. 8,63,000 രൂപയുടെ സാധനങ്ങള്‍ ടെന്‍ഡര്‍ നടത്താതെ വാങ്ങി. തങ്കമണിയിലെ നീതി മെഡിക്കല്‍ സ്റ്റോറില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയതായി ബില്ല് സംഘടിപ്പിച്ചു. എന്നാല്‍, ഇവിടെനിന്ന് സാധനം വാങ്ങാതെ സ്ഥാപനത്തിന് 15 ശതമാനം കമ്മിഷന്‍ നല്‍കാമെന്ന വ്യവസ്ഥയിലാണ് ബില്ല് വാങ്ങിയതെന്നും കമ്മിഷന്‍ കൊടുത്തതായും കണ്ടെത്തി. സാധനത്തിന്റെ എംആര്‍പിയേക്കാള്‍ കൂടുതല്‍ വിലയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഗംബൂട്ടുകള്‍ വാങ്ങിയ ഇനത്തില്‍ എംആര്‍പിയേക്കാള്‍ 1,24,500 രൂപയും ഫസ്റ്റ് എയ്ഡ് ബോക്‌സ് വാങ്ങിയ ഇനത്തില്‍ 74,400 രൂപയും അധികമായി ബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സണ്‍സ്‌ക്രീന്‍ വാങ്ങിയ ഇനത്തില്‍ പോലും 2300ലേറെ രൂപ ഉദ്യോഗസ്ഥന്‍ തട്ടി. മറ്റ് പദ്ധതികളിലും അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 1,63,333 രൂപ വീതം വിലയുള്ള 3 മിനി മാസ്റ്റ് ലൈറ്റ് വാങ്ങിയതായി രേഖകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണുള്ളത്. തെരുവ് വിളക്ക് പദ്ധതിയില്‍ സോളാര്‍ ലൈറ്റുകള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ല, വയോധികര്‍ക്കുള്ള 111 കട്ടിലുകളും ഇതുവരെ വിതരണം ചെയ്തിട്ടില്ല.
What's Your Reaction?






