ഉപ്പുതറ കാക്കത്തോട്ടില്‍ കാട്ടാനശല്യം രൂക്ഷം: സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
ഉപ്പുതറ കാക്കത്തോട്ടില്‍ കാട്ടാനശല്യം രൂക്ഷം: സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

ഇടുക്കി: ഉപ്പുതറ കാക്കത്തോട്ടില്‍ തുടര്‍ച്ചയായി കാട്ടാന കൃഷിനാശമുണ്ടാക്കുമ്പോഴും വനപാലകര്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ച് സിപിഐ എം ഉപ്പുതറ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരും കര്‍ഷകരും കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. ഏലപ്പാറ ഏരിയാ സെക്രട്ടറി എം ടി സജി ഉദ്ഘാടനം ചെയ്തു. വനാതിര്‍ത്തിയിലെ ഫെന്‍സിങ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുക, പ്രാദേശികാടിസ്ഥാനത്തില്‍ വാച്ചര്‍മാരെ നിയോഗിക്കുക, ആര്‍ആര്‍ടിയുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കാട്ടാനശല്യം പതിവായിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. സമരക്കാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ ബിനോജുമായി ചര്‍ച്ച നടത്തി. ഡ്രോണ്‍ ഉപയോഗിച്ച് കാട്ടാനയെ നിരീക്ഷിച്ച് വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ആര്‍ആര്‍ടിയുടെ സേവനം കാക്കത്തോട്, കൂപ്പുപാറ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കും. ഫെന്‍സിങ് സ്ഥാപിക്കല്‍ ഉടന്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തിപ്പിക്കും. കൂടാതെ, താല്‍ക്കാലിക വാച്ചര്‍മാരെ നിയമിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നും നല്‍കിയ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. നേതാക്കളായ കെ കലേഷ്‌കുമാര്‍, എം യു സതീശന്‍, ലാല്‍ എബ്രഹാം, ഇ വി ജോസഫ്, ഷിജോ ഫിലിപ്പ്, എം എ സുനില്‍, ജി ഷാജി, ബിജു ചെമ്പുപ്ലാവന്‍, സിജോ ടി കെ, ക്രിസ്റ്റി, വിജേഷ് വിജയന്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷകരുമടക്കം നൂറുകണക്കിനാളുകള്‍ സമരത്തില്‍ പങ്കെടുത്തു.
What's Your Reaction?






